പാലാ ജനറൽ ആശുപത്രിയിൽ മെറ്റബോളിക് ഡിസീസ് മാനേജ്മെൻ്റ് സെൻ്റർ ഉദ്ഘാടനം ഇന്ന്.


പാലാ: പാലാ ഗവ. ജനറൽ ആശുപത്രിയിൽ ആരംഭിക്കുന്ന 360 ഡിഗ്രി മെറ്റബോളിക് ഡിസീസ് മാനേജ്മെന്റ് സെന്ററിന്റെ ഉദ്ഘാടനം ആരോ​ഗ്യം - വനിത- ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഇന്ന് രണ്ടിന് നിർവഹിക്കും.

 

 പകർച്ചവ്യാധികളല്ലാത്ത വിവിധ രോഗങ്ങളുടെ ചികിത്സയ്ക്കാവശ്യമായ പരിശോധനകൾ ഒറ്റകേന്ദ്രത്തിൽ ലഭ്യമാക്കുന്നതിനുള്ള സൗകര്യമാണിവിടെ ലഭിക്കുന്നത്. ജീവിതശൈലീ രോഗലക്ഷണങ്ങൾ ഗുരുതരമാകും മുൻപ് സങ്കീർണ്ണതകൾ തിരിച്ചറിഞ്ഞ്  ചികിത്സ നൽകാനുള്ള സംവിധാനമാണിത്. പാലാ നഗരസഭയ്ക്ക് ലഭിച്ച  ഹെല്‍ത്ത് ഗ്രാന്‍ഡ് 43 ലക്ഷം രൂപ വിനിയോഗിച്ചാണ് ചികിത്സാവിഭാഗം പ്രവര്‍ത്തനം ആരംഭിക്കുന്നത്. 

 

 ജീവിതശൈലീരോഗ പരിശോധനകളെ ഒരു കുടക്കീഴിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഉടനീളം നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് പാലാ ജനറൽ ആശുപത്രിയിലും ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. പ്രമേഹം പോലുള്ള ജീവിതശൈലീ രോഗങ്ങള്‍ സാര്‍വത്രികമായി മാറുന്ന ഈ കാലഘട്ടത്തില്‍ രോഗം പ്രാരംഭദിശയില്‍ത്തന്നെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുകയാണ് നോൺ കമ്മ്യൂണിക്കബിൾ ഡിസീസ് കെയർ (എൻ.സി.ഡി )സെന്ററിന്റെ ലക്ഷ്യം. ഇവിടെ ഡയബറ്റിക് ഫ്യൂട്ട്, റെറ്റിനോപ്പതി, നെഫ്രോപ്പതി എന്നിവയിൽ അടിസ്ഥാന രോഗനിർണ്ണയങ്ങളും ചികിത്സയും ലഭ്യമാക്കും. ഡയറ്റ്, പുകവലി നിർത്തൽ എന്നിവയ്ക്കായി കൗൺസലിംഗും മെഡിക്കൽ കൺസൾട്ടേഷനും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ബയോ ടെസ്റ്റിയോ മീറ്റർ, ഹാൻഡ് ഹെൽഡ് ഡോപ്പർ, ഫാറ്റ് ഇൻവെസ്സസ് മെഷീൻ, മെട്രിയാടിക് ക്യാമറ, മിനി സൈറോ മീറ്റർ എന്നീ ഉപകരണങ്ങളും ആശുപത്രിയിൽ സജ്ജമാക്കിയിട്ടുണ്ട്.