കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം ഇടിഞ്ഞുവീണു മൂന്നുപേർക്ക് പരിക്ക്.
അസ്ഥിരോഗ വിഭാഗത്തിലെ പതിനാലാം വാർഡ് ആണ് രാവിലെ 11 മണിയോടെ ഇടിഞ്ഞുവീണത്. അപകടത്തിൽ 3 പേർക്ക് പരിക്കേറ്റതായാണ് വിവരം. മൂന്ന് നിലക്കെട്ടിടമാണ് ഇടിഞ്ഞു വീണത്. കെട്ടിടത്തിന് ഏറെ കാലപ്പഴക്കമുണ്ട്.
വലിയ ശബ്ദത്തോടെ കെട്ടിടം ഇടിഞ്ഞു വീഴുകയായിരുന്നുവെന്നാണ് ദൃക്സാക്ഷി പറയുന്നത്. കെട്ടിടത്തിനുള്ളിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പരിശോധന തുടരുകയാണ്. മന്ത്രി വിഎൻ വാസവൻ സ്ഥലത്തെത്തി. കെട്ടിടം ഉപയോഗത്തിലുള്ളതല്ലെന്ന് മന്ത്രി പറഞ്ഞു. കൂട്ടിരിപ്പുകാർ പഴയ കെട്ടിടത്തിൻറെ ഭാഗത്ത് എത്തിയതുകൊണ്ടാണ് രണ്ട് പേർക്ക് പരിക്കേറ്റതെന്നും മന്ത്രി കൂട്ടിച്ചേർത്തു. വൻദുരന്തമാണ് ഒഴിവായത്. വയനാട് നേരങ്ങാടി വാഴവെറ്റപാക്കം പേരുത്താനത്ത് അലീന വിൻസെൻ്റിനാണ് (11) പരിക്കേറ്റത്. അപകട സ്ഥലത്തെത്തിയപ്പോൾ തിക്കിലും തിരക്കിലുംപെട്ട് ജീവനക്കാരനായ കോട്ടയം വില്ലൂന്നി കറുത്തേടം അമൽ പ്രദീപിനും (21) നിസാര പരിക്കേറ്റു. അപകടത്തെ തുടർന്ന് 10, 11, 14 വാർഡുകളിലെ രോഗികളെ മാറ്റിയിട്ടുണ്ട്.