കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിന് വിടനൽകാനൊരുങ്ങി നാട്. മെഡിക്കൽ കോളജ് പതിനാലാം വാര്‍ഡിലെ കെട്ടിടത്തിന്‍റ ഭിത്തി ഇടിഞ്ഞു വീണു മരിച്ച തലയോലപ്പറമ്പ് പള്ളിക്കവല അവധിയിൽ സ്വദേശിനി ബിന്ദുവിന്റെ സംസ്കാരം ഇന്ന് നടക്കും.
മൃതദേഹം രാവിലെ വീട്ടിൽ എത്തിച്ചു. ബിന്ദുവിൻ്റെ മകൾ നവമിയെ (20) ശസ്ത്രക്രിയക്കായി ന്യൂറോ സർജറി വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ജൂലൈ ഒന്നിനാണ് വിശ്രുതനും ബിന്ദുവും മകൾ നവമിയുമായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയത്. ട്രോമ കെയർ വിഭാഗത്തിലാണ് നവമിയെ പ്രവേശിപ്പിച്ചിരുന്നത്.
മകൾക്കൊപ്പം നിൽക്കുന്നതിനായാണ് ബിന്ദു ആശുപത്രിയിൽ എത്തിയത്. രാവിലെ കുളിക്കുന്നതിനായാണ് തകർന്ന് വീണ പതിനാലാം വാർഡിന്‍റെ മൂന്നാം നിലയിലേക്ക് എത്തിയത്. ഈ സമയത്താണ് അപകടം ഉണ്ടായത്. തലയോലപ്പറമ്പിലെ വസ്ത്രശാലയിലെ ജീവനക്കാരിയായിരുന്നു ബിന്ദു. ഭർത്താവ് വിശ്രുതൻ നിർമാണ തൊഴിലാളിയാണ്. നവമി ആന്ധ്ര അപ്പോളോ ഹോസ്പിറ്റലിൽ നാലാം വർഷ ബിഎസ്‍സി നഴ്സിങ് വിദ്യാർത്ഥിനിയായാണ്. മകൻ നവനീത് എറണാകുളത്ത് സിവിൽ എൻജിനീയറാണ്.