ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽ മീനച്ചിലാറ്റിൽ സഹോദരിയ്ക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥിനി മുങ്ങി മരിച്ചു. അരുവിത്തുറ കൊണ്ടൂർ പാലത്ത് ജിമ്മിയുടെയും അനുവിൻ്റെയും മകളായ ഐറിൻ ജിമ്മി(18) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ വീടിനു പുറകുവശത്തെ കടവിൽ സഹോദരിയ്ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. ഇരുവരും കുളിക്കാനിറങ്ങുന്നതിനിടെ ഐറിൻ ഒഴുക്കിൽപ്പെടുകയായിരുന്നു. ബന്ധുക്കൾ വിവരമറിയിച്ചതനുസരിച്ച് അഗ്നിരക്ഷാ സേനയും സന്നദ്ധ സംഘടനാ പ്രവർത്തകരും ചേർന്നാണ് തിരച്ചിൽ നടത്തിയത്. ഉടനെ തന്നെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിദ്യാർത്ഥികളായ എഡ്വിൻ, മെറിൻ എന്നിവരാണ് സഹോദരങ്ങൾ.