കോട്ടയം: ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പ്രാർത്ഥനകൾ വിഫലമാക്കി അരുൺ യാത്രയാകുന്നത് ആറ് പേർക്ക് പുതുജീവൻ നൽകിക്കൊണ്ട്. തിരുവനന്തപുരം വഴുതക്കാട് ബ്രാഞ്ച് യെസ് ബാങ്ക് മാനേജറും കോട്ടയം തിരുവഞ്ചൂർ മണർകാട് പുത്തേട്ടിൽ രോഹിണി വീട്ടിൽ ജെ അരുണി (44) ൻ്റെ അവയവങ്ങൾ ആറ് പേർക്ക് പുതുജീവനേകും.
അരുണിന്റെ രണ്ട് വൃക്കകൾ, കരൾ, ഹൃദയവാൽവ്, രണ്ട് നേത്രപടലങ്ങൾ എന്നിവയാണ് കേരളത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ള രോഗികൾക്ക് ദാനം ചെയ്തത്. ജൂൺ 26-നാണ് തലച്ചോറിലെ രക്തസ്രാവത്തെ അരുണിനെ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മസ്തിഷ്കാഘതത്തെ തുടർന്ന് തിരുവനന്തപുരത്തെ താമസസ്ഥലത്ത് അരുൺ കുഴഞ്ഞു വീഴുകയായിരുന്നു.
ഫോണിൽ വിളിച്ചിട്ട് കിട്ടാഞ്ഞതോടെ അരുണിന്റെ ഭാര്യ ദേവി ബാങ്ക് ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഇവർ എത്തിയപ്പോഴാണ് താമസ സ്ഥലത്ത് കുഴഞ്ഞു വീണു ബോധമറ്റ നിലയിൽ അരുണിനെ കണ്ടെത്തുന്നത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും 14 ദിവസത്തെ പ്രാർത്ഥനകൾ വിഫലമാക്കിയാണ് അരുൺ യാത്രയാകുന്നത്. ജൂലൈ 8 ന് രാത്രി ഒൻപതരയോടെ ആശുപത്രി അധികൃതർ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു. അവയവദാനത്തിന് അരുൺ മുമ്പ് സമ്മതപത്രം നൽകിയത് അറിയാവുന്ന ബന്ധുക്കൾ സംസ്ഥാന സർക്കാരിൻ്റെ മൃതസഞ്ജീവനിയിലേക്ക് അവയവങ്ങൾ ധനം ചെയ്യാൻ സമ്മതം അറിയിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി ആരംഭിച്ച ശാസ്ത്രക്രിയ ബുധനാഴ്ച പുലർച്ചെ വരെ നീണ്ടു. ആശുപത്രി അധികൃതർ ഗാർഡ് ഓഫ് ഓണർ നൽകിയാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയത്. മഹത്തായ അവയവദാനത്തിന് തയ്യാറായ അരുണിന്റെ കുടുംബത്തിന് ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് നന്ദി അറിയിച്ചു. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി വ്യക്തമാക്കി. കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (കെ-സോട്ടോ) നേതൃത്വത്തിലാണ് അവയവ കൈമാറ്റ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. സംസ്കാരം ജൂലൈ 10 പകൽ രണ്ടിന് കോട്ടയത്തെ വീട്ടുവളപ്പിൽ നടക്കും. പി.ആർ ജനാർദ്ദനൻ നായർ, എം. രാധാമണി അമ്മ എന്നിവരാണ് അരുണിന്റെ മാതാപിതാക്കൾ. ഭാര്യ: എസ്. ദേവി പ്രസാദ്. മക്കൾ: ആദിത്യ നായർ, നിതാര നായർ.