കോട്ടയം: വെള്ളിയാഴ്ച ഉച്ചക്ക് ശേഷമുണ്ടായ അതിശക്തമായ കാറ്റിൽ ജില്ലയിൽ വ്യാപകമായി നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. കോട്ടയം മാറ്റക്കരയിൽ മണ്ണൂർപ്പള്ളിക്കടുത്ത് കൂറ്റൻ തേക്കുമരം വീടിനു മുകളിലേക്ക് പതിച്ചു യുവതിയും രണ്ടു കുട്ടികളും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
കല്ലിടിയ്ക്കൽ വീട്ടിൽ ജോമോന്റെ ഭാര്യ അനുവും മക്കളായ കാസലിൻ, ക്രിസ്റ്റി എന്നിവരാണ് ശക്തമായ കാറ്റ് വീശിയ സമയം വീടിനുള്ളിൽ ഉണ്ടായിരുന്നത്. 'വീടിനു മുകളിൽ വലിയ ശബ്ദത്തോടെ മരം വന്നു പതിച്ചു, മേൽക്കൂര തകർത്ത് ഓടും കമ്പുകളും മുറിക്കുള്ളിലേക്ക് വീണു, മക്കളുമായി അടുത്ത വീട്ടിലേക്ക് ഓടി' പറയുമ്പോൾ ഇപ്പോഴും അനുവിന് അപകടത്തിന്റെ ഞെട്ടൽ മാറിയിട്ടില്ല.
ഭീകരമായ കാഴ്ച കണ്മുൻപിൽ കണ്ടതിന്റെ പേടിയിലാണ് ഇപ്പോഴും. ഉച്ചക്ക് കുട്ടികൾക്കൊപ്പം വീടിന്റെ മുൻപിലിരിക്കുന്ന സമയം കാറ്റ് വീശുകയും ചെറു കമ്പുകൾ ഒടിഞ്ഞു വീഴുകയും ചെയ്തിരുന്നു. ഇത് കണ്ട ആണ് മക്കളെയും കൂട്ടി വീടിനുള്ളിൽ കയറുകയായിരുന്നു. വീടിനുള്ളിൽ കയറി കതകടച്ചപ്പോഴേക്കും കൂറ്റൻ തെക്ക് മരം വീടിനു മുകളിലേക്ക് പതിക്കുകയും വീടിന്റെ മേൽക്കൂര തകർത്ത് കമ്പുകളും ഓടും മുറിക്കുള്ളിലേക്ക് വീഴുകയുമായിരുന്നു. പെട്ടന്നുണ്ടായ അപകടത്തിൽ പതറിയെങ്കിലും ധൈര്യം സംഭരിച്ചു അനു മക്കളെയും കൂട്ടി അടുത്തുള്ള വീട്ടിലേക്കു ഓടുകയായിരുന്നു. മുറിക്കുള്ളിലേക്ക് ഊടും കാമ്പും വീണു ക്രിസ്റ്റിയുടെ തലയിൽ തട്ടുകയും പരിക്കേൽക്കുകയും ചെയ്തു. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി. വട്ടക്കൊട്ടയിൽ വീട്ടിൽ ജിജോ ജോസഫിൻ്റെ വീട്ടിൽ ഇവർ വാടകയ്ക്ക് താമസിക്കുകയായിരുന്നു.