കോട്ടയം: കോട്ടയം എം സി റോഡിൽ ചിങ്ങവനത്ത് കാറും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ചിങ്ങവനം സെമിനാരി പടിയിൽ താമസിക്കുന്ന തിരുവനന്തപുരം മാർത്താണ്ഡം സ്വദേശി വിജയകുമാർ (40) ആണ് മരിച്ചത്.

കോട്ടയം ഭാഗത്തുനിന്നും ചിങ്ങവനം ഭാഗത്തേക്ക് എത്തിയ കാർ എതിർ ദിശയിൽ നിന്നും എത്തിയ തടിലോറിയിൽ ഇടിക്കുകയായിരുന്നു. വിജയകുമാറിനൊപ്പം കാറിലുണ്ടായിരുന്ന രണ്ട് പേർക്കും അപകടത്തിൽ പരിക്കേറ്റു. അപകടത്തിൽ പൂർണ്ണമായും തകർന്ന കാർ നാട്ടുകാരും പോലീസും അഗ്നിരക്ഷാ സേനയുമെത്തി വെട്ടിപ്പൊളിച്ചാണ് മൂവരെയും പുറത്തെടുത്തത്.

ഇവരെ കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വിജയകുമാർ മരിച്ചത്. ഇലക്ട്രീഷ്യനായ വിജയകുമാര്‍ അപകടമുണ്ടായ സ്ഥലത്തിനു സമീപമാണ് വാടകയ്‌ക്ക് താമസിച്ചിരുന്നത്. ചിങ്ങവനത്ത് ഇലക്ട്രിക്കൽ ജോലികൾ ചെയ്യുകയാണ് വിജയകുമാർ. സംഭവത്തിൽ ചിങ്ങവനം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
