വാഗമണില്‍ ഇലട്രിക് ചാർജിങ് സ്റ്റേഷനിലേക്ക് കാർ പാഞ്ഞ് കയറി നാല് വയസ്സുകാരന് ദാരുണാന്ത്യം, അമ്മ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ.


ഈരാറ്റുപേട്ട: വാഗമണില്‍ ഇലട്രിക് ചാർജിങ് സ്റ്റേഷനിലേക്ക് കാർ പാഞ്ഞ് കയറി നാല് വയസ്സുകാരന് ദാരുണാന്ത്യം. നേമം സ്വദേശി ആര്യയുടെ മകന്‍ അയാന്‍(4) ആണ് മരിച്ചത്.

 

 അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അമ്മ ആര്യ(30) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വാഗമൺ വഴിക്കടവിൽ ശനിയാഴ്ച വൈകുന്നേരം മൂന്നുമണിയോടെയായിരുന്നു അപകടം ഉണ്ടായത്. കാർ ചാർജ്ജ് ചെയ്യാൻ നിർത്തിയിട്ട ശേഷം ചാര്‍ജിങ് സ്‌റ്റേഷന്റെ മറ്റൊരു ഭാഗത്ത് കസേരയില്‍ ഇരിക്കുകയായിരുന്നു ആര്യയും അയാനും.

 

 ഈ സമയം ചാര്‍ജ് ചെയ്യാന്‍ എത്തിയ മറ്റൊരു കാര്‍ നിയന്ത്രണംവിട്ട് അയാന്റെയും ആര്യയുടെയും മേല്‍ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അയാന്റെ ജീവൻ രക്ഷിക്കാനായില്ല. ആര്യയുടെ നില ഗുരുതരമാണ്. അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ ഞെട്ടിക്കുന്നതാണ്. പാല പോളിടെക്‌നിക് കോളേജിലെ അധ്യാപികയാണ് ആര്യ. അപകടമുണ്ടാക്കിയ കാര്‍ ഈരാറ്റുപേട്ട സ്വദേശിയുടേതാണെന്നാണ് വിവരം.