കോട്ടയം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ പ്രതിപക്ഷ ട്രേഡ് യൂണിയനുകളുടെ പണിമുടക്കിൽ കോട്ടയത്ത് കെ എസ് ആർ ടി സി സർവ്വീസുകൾ നിശ്ചലം. ജീവനക്കാർ ഡിപ്പോയിൽ എത്തിയിട്ടുണ്ടെങ്കിലും സർവ്വീസുകൾ നടത്തത്തിയിട്ടില്ല.
കോട്ടയം കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നും 3 സർവ്വീസുകൾ മാത്രമാണ് നടത്തിയത്. ദീർഘദൂര സർവീസുകളിൽ തിരികെ എത്തുന്ന ബസ്സുകൾ തടയില്ല എന്നും അവ അവരുടെ ഡിപ്പോകളിലേക്ക് തിരികെ പോകുന്നതാണെന്നും യൂണിയൻ പ്രവർത്തകർ പറഞ്ഞു. എരുമേലി ഓപ്പറേറ്റിങ് സെന്ററിൽ നിന്നും നാമമാത്രമായ സർവ്വീസ് മാത്രമാണ് ഇപ്പോൾ നടത്തുന്നത്.
സുൽത്താൻ ബത്തേരി, തിരുവനന്തപുരം സർവ്വീസുകൾ ഇതുവഴി കടന്നു പോയി. നിലവിൽ ജില്ലയിൽ ഒരിടത്തും അനിഷ്‌ഠ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പോലീസ് എല്ലാ മേഖലകളിലും പെട്രോളിംഗ് നടത്തുന്നുണ്ട്. സ്വകാര്യ ബസ്സ് ജീവനക്കാരും ഓട്ടോ-ടാക്സി തൊഴിലാളികളും പണിമുടക്കുന്നുണ്ട്. അതേസമയം പണിമുടക്കിൽ ദീർഘദൂര യാത്രക്കാരും രാത്രി ജോലി കഴിഞ്ഞു ബസ്സുകളെ ആശ്രയിച്ചു മടങ്ങുന്നവരും വലഞ്ഞു. ജില്ലയിലെ പ്രധാന പാതകളായ എം സി റോഡും കെ കെ റോഡും നിശ്ചലമാണ്. പൊതുഗതാഗതം പൂർണ്ണമായും സ്തംഭിച്ച നിലയിലാണ്.
ഫയൽ ഫോട്ടോ.