ദേശീയ പണിമുടക്ക്: കോട്ടയം ജില്ലയിൽ പൂർണ്ണം, നിരത്തുകൾ നിശ്ചലം, സർവ്വീസ് നടത്തിയ കെ എസ് ആർ ടി സി ബസ്സുകൾ തടഞ്ഞു, വിവിധ കേന്ദ്രങ്ങളിൽ പ്രകടനങ്ങൾ നടത്തി.


കോട്ടയം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ പ്രതിപക്ഷ ട്രേഡ് യൂണിയനുകളുടെ പണിമുടക്ക് ജില്ലയിൽ പൂർണ്ണം. ഓട്ടോ-ടാക്സി-ബസ്സ് തൊഴിലാളികളും പണിമുടക്കിയതോടെ ജില്ലയിൽ നിരത്തുകൾ നിശ്ചലമായിരുന്നു.

 

 17 ആവശ്യങ്ങളാണ് പണിമുടക്കിലൂടെ സംയുക്ത ട്രേഡ് യൂണിയനുകൾ കേന്ദ്ര സർക്കാരിന് മുന്നിൽ വയ്ക്കുന്നത്. സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, എസ്ഇഡബ്യുഎ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി എന്നീ 10 ദേശീയ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്.

 

 ചുരുക്കം ചില സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. വാഹനങ്ങൾ ഓടഞ്ഞതോടെ ഹർത്താൽ പ്രതീതിയിലായിരുന്നു ദേശീയ പണിമുടക്ക്. വ്യാപാര സ്ഥാപനങ്ങൾ ഒന്നും തന്നെ തുറന്നു പ്രവർത്തിച്ചില്ല. വാണിജ്യ - വ്യവസായ മേഖലയിലെ തൊഴിലാളികളും, കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർ, അധ്യാപകർ, ബാങ്ക് ഇൻഷുറൻസ് തപാൽ ടെലികോം തുടങ്ങിയ മേഖലയിലെ ജീവനക്കാരും പണിമുടക്കിൽ ഭാഗമായി. പാൽ,പത്രം, ആശുപത്രി അടക്കമുള്ള അവശ്യ സർവീസുകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിരുന്നു. കോട്ടയം ഡിപ്പോയിൽ നിന്നും രാവിലെ  3 ബസ്സുകൾ മാത്രമാണ് സർവ്വീസ് നടത്തിയത്. തുടർന്ന് പ്രവർത്തകർ എത്തി ബസ്സ് സ്റ്റാൻഡിൽ ബസ്സുകൾക്ക് മുൻപിൽ കുട്ടിയിരിക്കുകയായിരുന്നു. ജില്ലയിലെ മറ്റു കെ എസ് ആർ ടി സി ഡിപ്പോകളിൽ നിന്നും കാര്യമായ സർവ്വീസുകൾ ഉണ്ടായിരുന്നില്ല. കാഞ്ഞിരപ്പള്ളിയിലും മുണ്ടക്കയത്തും സമരാനുകൂലികൾ കെ എസ് ആർ ടി സി ബസ്സ് തടഞ്ഞു. ബസ്സ് ജീവനക്കാരുമായി വാക്കേറ്റമുണ്ടാകുകയും ചെയ്തു. സുൽത്താൻ ബത്തേരി, തിരുവനന്തപുരം സർവ്വീസുകൾ എരുമേലി ഓപ്പറേറ്റിങ് സെന്റർ വഴി കടന്നു പോയി. പണിമുടക്കിൽ ദീർഘദൂര യാത്രക്കാരും രാത്രി ജോലി കഴിഞ്ഞു ബസ്സുകളെ ആശ്രയിച്ചു മടങ്ങുന്നവരും വലഞ്ഞു. എം സി റോഡും കെ കെ റോഡും വിജനമായിരുന്നു. വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തകർ പ്രകടനങ്ങൾ നടത്തി.