മണിമല: അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിപ്പ് നടത്തിയ കേസിൽ കോട്ടയം മണിമല കറിക്കാട്ടൂർ സ്വദേശി പോലീസ് പിടിയിൽ.
അറസ്റ്റിലായത് മണിമല കേന്ദ്രീകരിച്ച് സ്വന്തമായി നടത്തുന്ന ഇവാഞ്ചലിക്കൽ സഭയുടെ ബിഷപ്പും മണിമല കറിക്കാട്ടൂർ പള്ളിത്താഴെ സന്തോഷ് പി ചാക്കോയെ ആണ് കുറിച്ചി സ്വദേശിയുടെ പരാതിയിൽ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. കുറിച്ചി സ്വദേശിയായ യുവാവിൽ നിന്നും അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ടര ലക്ഷത്തോളം രൂപ ബിഷപ്പ് സന്തോഷ് പി ചാക്കോ വാങ്ങിയെന്നാണ് പരാതി.
സമയത്ത് വിസ ലഭിക്കാഞ്ഞതിനെ തുടർന്ന് നൽകിയ പണം തിരികെ ആവശ്യപ്പെട്ടു. എന്നാൽ വിസയോ പണമോ ലഭിക്കാഞ്ഞതിനെ തുടർന്നാണ് യുവാവ് പോലീസിൽ പരാതി നൽകിയത്. തട്ടിപ്പ് നടത്തിയ ശേഷം മുങ്ങിയ പ്രതി തന്ത്രപൂർവ്വം വിളിച്ചുവരുത്തിയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾക്കെതിരെ പള്ളിക്കത്തോട്,പാമ്പാടി,റാന്നി,ചങ്ങനാശ്ശേരി,പൊൻകുന്നം തുടങ്ങിയ വിവിധ പോലീസ് സ്റ്റേഷനുകളിൽ പരാതികൾ ലഭിച്ചിട്ടുണ്ട്. മുൻപ് മറ്റൊരു സഭയിൽ വൈദികനായിരുന്ന ഇയാൾ മണിമല കേന്ദ്രീകരിച്ച് സ്വന്തമായി രൂപീകരിച്ച ഇവാഞ്ചലിക്കൽ സഭയുടെ ബിഷപ്പ് ആണെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയിരുന്നത്.