ലണ്ടനിൽ വർക്ക് വിസ നൽകാമെന്ന് വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; കോട്ടയം സ്വദേശിനി അറസ്റ്റിൽ.

കോട്ടയം: ലണ്ടനിൽ വർക്ക് വിസ നൽകാമെന്ന് വാഗ്ദാനം ചെയ്ത് യുവാവിൽ നിന്നും 10 ലക്ഷം രൂപ തട്ടിയ കേസിൽ കോട്ടയം സ്വദേശിനി അറസ്റ്റിൽ.  കോട്ടയം, പാമ്പാടി കട്ടപ്പുറത്ത് വീട്ടില്‍ ഐറിന്‍ എല്‍സ കുര്യന്‍(25) ആണ് അറസ്റ്റിലായത്.

 

 കാഞ്ചിയാര്‍ സ്വദേശിയായ യുവാവില്‍ നിന്ന് ലണ്ടനിൽ വർക്ക് വിസ നൽകാമെന്ന് വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടിയിരുന്നു. ഐറിന്റെ ബാങ്ക് അക്കൗണ്ട് വഴിയാണ് പണം കൈമാറിയത്. സംഭവവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലില്‍ കൂടുതൽ തട്ടിപ്പ് വിവരം പുറത്ത് വന്നിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇനിയും ഇവര്‍ക്കെതിരെ കേസുകള്‍ എടുക്കാൻ സാധ്യതയുണ്ട്.

 

 തിരുവനന്തപുരത്തായിരുന്നു ഐറിന്റെ താമസം. 2024 മാർച്ച്, ഏപ്രിൽ മാസങ്ങളിലായി 10 ലക്ഷം രൂപ പലപ്പോഴായാണ് ഐറിൻ തട്ടിയെടുത്തത്. യുവതിയെ വൈദ്യ പരിശോധനക്ക് വിദേയമാക്കിയ ശേഷം കട്ടപ്പന കോടതിയിൽ ഹാജരാക്കി.

 

കട്ടപ്പന ഡി വൈ എസ് പി. വി എ. നിഷാദ് മോന്റെ നിർദേശ പ്രകാരം കട്ടപ്പന സർക്കിൾ ഇൻസ്‌പെക്ടർ മുരുകൻ, എസ്. ഐ. എബി ജോർജ്, എസ്. ഐ. സുബിൻ, എ എസ് ഐ. ടെസ്ഡിമോൾ. സിവിൽ പോലീസ് ഓഫീസർമാരായ ബിബീന, രാഹുൽ എന്നിവർ ചേർന്നാണ് പ്രതിയെ തിരുവനന്തപുരം മാങ്ങാട്ട് കോണത്തു നിന്ന് അറസ്റ്റ് ചെയ്തത്.