കോട്ടയം: ലഹരി കുറ്റകൃത്യങ്ങളിൽ സ്ത്രീകളുടെ പങ്ക് വർധിക്കുന്ന സാഹചര്യത്തിൽ വനിതാ ഇൻസ്‌പെക്ടർമാരുടെ പ്രവർത്തനത്തിന് കൂടുതൽ പ്രാധാന്യമുണ്ട് എന്ന് കോട്ടയം ജില്ലയിലെ ആദ്യ വനിതാ എക്‌സൈസ് ഇൻസ്‌പെക്‌ടർ വി. വിജയ രശ്മി.
പാലാ എക്സൈസ് റേഞ്ച് ഓഫീസിൽ ആണ് വിജയ രശ്‌മി ചുമതലയേറ്റത്. എട്ടുവർഷം കാക്കിയണിഞ്ഞ അനുഭവങ്ങൾ വിജയ രശ്‌മിയുടെ പ്രവർത്തനങ്ങൾക്ക് കരുത്തു പകരും. എക്‌സൈസ് ഇൻസ്‌പെക്‌ടർ പോസ്റ്റിലേക്ക് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ച് പിഎസ്‌സി നടത്തിയ ആദ്യ ബാച്ച് പരീക്ഷയിലെ വിജയിയാണ് വിജയ രശ്മി.
20 വനിതകളെയാണ് സംസ്ഥാനത്തൊട്ടാകെ പരിശീലനത്തിനായി തിരഞ്ഞെടുത്തത്. കോട്ടയം ജില്ലയിൽ അയ്മനം സ്വദേശിനിയായ വിജയ രശ്മിയെ മാത്രമാണ് നിയമിച്ചിട്ടുള്ളത്. എട്ട് വർഷം സിവിൽ എക്സൈസ് ഓഫീസറായിരുന്നു വിജയ രശ്മി. ജില്ലയിലെ വിവിധ റേഞ്ച് ഓഫീസിലും എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡിലും ജോലി ചെയ്ത ശേഷമാണ് വിജയ രശ്മി പാലാ എക്സൈസ് റേഞ്ച് ഓഫീസിൽ ഇൻസ്പെക്ടറായി ചുമതലയേറ്റത്.
കൊല്ലാട് വെടിയോട്ട് റിട്ട. ആർഎംഎസ് ഉദ്യോഗസ്ഥൻ വി വി വിജയന്റെയും രമ വിജയന്റെയും മകളാണ് വിജയ രശ്മി. ഭർത്താവ് രാജേഷ് പി രാജ്(ബിസിനസ്). വിദ്യാർഥികളായ വൃന്ദ രാജ്, വൈഗ രാജ് എന്നിവരാണ് മക്കൾ. മകൾ എക്‌സൈസ് ഇൻസ്‌പെക്ടറാകാണാമെന്ന അമ്മയുടെ ആഗ്രഹമാണ് ചരിത്ര നേട്ടത്തോടെ വിജയ രശ്മി സ്വന്തമാക്കിയത്.