മുണ്ടക്കയം: കൂട്ടിക്കൽ ദുരിതർക്കായി സേവാഭാരതി നിർമ്മിച്ച എട്ടു വീടുകളുടെ താക്കോൽദാനവും ഗൃഹസമർപ്പണവും കേരള ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നിർവഹിച്ചു. ഇളങ്കാട് സുബ്രഹ്മണ്യ ക്ഷേത്ര മൈതാനത്ത് വെച്ചായിരുന്നു ചടങ്ങുകൾ.
സേവാഭാരതിയുടെയും ആർഎസ്എസിന്റെയും പ്രവർത്തനങ്ങൾ ഭാരതാംബയ്ക്കുള്ള സമർപ്പണം ആണെന്നും അത് സമൂഹത്തിൽ തെറ്റിദ്ധരിക്കപ്പെടരുത് എന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പറഞ്ഞു. ജനങ്ങളെ സേവിക്കുക എന്ന കാര്യത്തിൽ അടിയുറച്ചാണ് സംഘടനയുടെ പ്രവർത്തനം. ഇത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെ അല്ല. ചെയ്യുന്ന സേവനങ്ങളുടെ ക്രെഡിറ്റ് എടുക്കാറുമില്ല.
സർക്കാരിനെ കൊണ്ട് എല്ലാ സേവന പ്രവർത്തനങ്ങളും ചെയ്യാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ പൊതു സഹകരണം അനിവാര്യമാണ് അവിടെയാണ് സേവാഭാരതിയുടെയും ആർഎസ്എസിന്റെയും പ്രവർത്തനങ്ങൾ ജനങ്ങൾക്ക് പരോപകാരം ആയി മാറുന്നത്, നിസ്വാർത്ഥമായ പ്രവർത്തനങ്ങൾ തുടരുകയും ചെയ്യും എന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ വാഴൂർ തീർത്ഥപാദാശ്രമം മുഖ്യകാര്യദർശി ഗരുഢധ്വജാനന്ദതീർത്ഥ പാദസ്വാമി മുഖ്യ അതിഥിയായി. സേവാഭാരതി ജില്ല അദ്ധ്യക്ഷ അഡ്വ. രശ്മി ശരത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സേവാഭാരതി കോട്ടയം ജില്ല ജനറൽ സെക്രട്ടറി കെ ജി രാജേഷ് സ്വാഗതവും സേവാഭാരതി സംസ്ഥാന അദ്ധ്യക്ഷൻ ഡോക്ടർ രഞ്ജിത് വിജയഹരി, ഇൻഫോസിസ് വൈസ് പ്രസിഡന്റ് ആൻഡ് സെന്റർ ഹെഡ് സുനിൽ ജോസ്, ജില്ല പഞ്ചായത്ത് മെമ്പർ അഡ്വ.ഷോൺ ജോർജ് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. രാഷ്ട്രീയ സ്വയം സേവകസംഘം ദക്ഷിണ പ്രാന്തപ്രചാരക് എസ് സുദർശൻ സേവാസന്ദേശവും നൽകി. യോഗത്തിൽ ഗവർണ്ണർ മുഖ്യ സന്ദേശം നൽകി. സേവാഭാരതി കോട്ടയം ജില്ല ഗവർണ്ണർക്ക് ഉപഹാരം സമർപ്പിച്ചു.