ഏറ്റുമാനൂർ: സിഡ്കോയുടെ ആദ്യത്തെ ഇൻഡസ്ട്രിയൽ ഫെസിലിറ്റേഷൻ സെന്റർ കോട്ടയം ഏറ്റുമാനൂരിലെ വ്യവസായ എസ്റ്റേറ്റിൽ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. സഹകരണവകുപ്പ് മന്ത്രി വി എൻ വാസവൻ മുഖ്യാതിഥിയായിരുന്നു.
തുടർച്ചയായി നഷ്ടം രേഖപ്പെടുത്തിക്കൊണ്ടിരുന്ന സിഡ്കോ ഇപ്പോള്‍ തുടര്‍ച്ചയായി ലാഭത്തിലാണ്. ഈ വിധത്തിൽ കേരളത്തിന്റെ വ്യവസായമേഖലയാകെ മുന്നേറുകയാണ്. ഇനി കേരളത്തിലെ തദ്ദേശസ്ഥാപനങ്ങൾക്കും സഹകരണ വകുപ്പിനും കീഴിൽ വെറുതേകിടക്കുന്ന ഭൂമി വ്യവസായ ആവശ്യങ്ങൾക്ക് ഉതകുംവിധം വികസിപ്പിക്കുന്നതിന് ആവശ്യമായ സഹായങ്ങൾ നൽകുന്ന കാര്യവും വ്യവസായ വകുപ്പ് ഗൗരവമായി പരിഗണിച്ചുവരികയാണ് എന്ന് മന്ത്രി പറഞ്ഞു.
ആഭ്യന്തര വരുമാനം വർധിക്കാൻ വ്യവസായ മേഖല ഇനിയും ശക്തിപ്പെടേണ്ടതുണ്ട്. കൂടുതൽ വ്യവസായങ്ങൾ ആകർഷിക്കുന്നതിന് ഭൂമി ആവശ്യവുമാണ്. ഭൂമി ഉറപ്പ് വരുത്താൻ സംസ്ഥാന സർക്കാർ കൊണ്ടുവന്ന സ്വകാര്യവ്യവസായ പാർക്ക് പദ്ധതി വലിയ വിജയം നേടി മുന്നേറുകയാണ്.
37 സ്വകാര്യ പാർക്കുകൾക്ക് ഈ സർക്കാർ ഇതിനോടകം അനുമതി നൽകിക്കഴിഞ്ഞു. 11 ക്യാംപസ് വ്യവസായ പാർക്കുകളും ഉടനെ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു.