തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായേക്കാമെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 358 പേർക്കാണ് രാജ്യത്ത് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.
ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 6,491 ആയി. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യമാണുള്ളത്. ഇതുവരെ 1957 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളിൽ കൂടുതൽ കേസുകൾ കേരളത്തിലാണെന്നുള്ളതും ആശങ്കയുളവാക്കുന്നുണ്ട്.
ഞായറാഴ്ച സംസ്ഥാനത്ത് 194 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. രോഗബാധ സ്ഥിരീകരിച്ചവരിൽ 80 പേരെയാണ് ഇതുവരെ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. ഇവർക്ക് മറ്റു ഇതര രോഗങ്ങളുണ്ടായിരുന്നതാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ കാരണമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
കൂടുതൽ കോവിഡ് പരിശോധന നടക്കുന്നതു കൊണ്ടാണു കേസുകളുടെ എണ്ണത്തിൽ കേരളം മുന്നിൽ നിൽക്കുന്നതെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ജെഎൻ1, എൻബി1.8.1, എൽഎഫ്.7, എക്സ്എഫ്സി തുടങ്ങിയ ഒമിക്രോൺ വകഭേദങ്ങളാണു പടരുന്നത്.