കോട്ടയം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത: കേന്ദ്ര കാലാവസ്ഥാ വകുപ്പ്.


കോട്ടയം: കോട്ടയം ജില്ലയിൽ ഇടവിട്ടുള്ള മഴ വീണ്ടും ശക്തമാകുന്നു. ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

ജില്ലയുടെ കിഴക്കൻ മേഖലകളിൽ മഴ ശക്തമാണ്. ഇതിന്റെ ഫലമായി നദികളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. തെക്കൻ ഗുജറാത്തിനു മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും മറ്റൊരു ചക്രവാതച്ചുഴി വടക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു  മുകളിൽ സ്ഥിതിചെയ്യുന്നതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

 കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നു. സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം ശക്തമായ മഴയിലും കാറ്റിലും ജില്ലയിൽ മഴക്കെടുതികൾ രൂക്ഷമാണ്.

 

 ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും വിവിധ സ്ഥലങ്ങളിലും റോഡുകളിലും വീടുകളിലും വെള്ളം കയറി. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. വിവിധ പ്രദേശങ്ങളിലായി കനത്ത മഴയിൽ വീടുകൾക്ക് ഭാഗികമായി നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.