കോട്ടയം: ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽക്കരണ ദിനാചരണം സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം സി.എം.എസ്.കോളജിൽ വച്ച് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.എം. മാത്യു നിർവഹിച്ചു.
.jpeg)
സംസ്ഥാന വയോജന കമ്മീഷൻ രൂപീകരണം ഉൾപ്പടെ വിവിധ ചുവടുകളാണ് സർക്കാർ മുന്നോട്ട് വയ്ക്കുന്നത്. യുവജനങ്ങളുടെ കരുതലോടെയുള്ള ഇടപെടലും വയോജന സംരക്ഷണത്തിൽ അനിവാര്യമാണ് എന്ന് പി.എം. മാത്യു പറഞ്ഞു. സംസ്ഥാന വയോജന കൗൺസിൽ അംഗം തോമസ് പോത്തൻ അധ്യക്ഷത വഹിച്ചു.
കോട്ടയം നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ വയോജന സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വി.പി. സുനിൽകുമാർ ബോധവൽക്കരണ ക്ലാസ് നയിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസർ പി. പ്രദീപ്, ജില്ലാ സാമൂഹ്യനീതി ഓഫീസ് സീനിയർ സൂപ്രണ്ട് എം.വി. സഞ്ജയൻ, എസ്.സി.എഫ്.ഡബ്ല്യു.എ ജില്ല പ്രസിഡന്റ് റ്റി. വി.മോഹൻകുമാർ എന്നിവർ പങ്കെടുത്തു. നഗരത്തിലെ പ്രധാന ഇടങ്ങളിൽ നടത്തിയ വാഹന പ്രചാരണ ജാഥയോടൊപ്പം സി.എം.എസ് കോളേജ് വിദ്യാർഥികൾ അവതരിപ്പിച്ച ഫ്ളാഷ് മോബും ശ്രദ്ധേയമായിരുന്നു.

