കോട്ടയം: കൃത്യമായ സമയത്ത് സേവനം നൽകാതെ അപേക്ഷകനെ വലച്ച കങ്ങഴ പത്തനാട് അക്ഷയ കേന്ദ്രത്തിനു പിഴയിട്ട് കോട്ടയം ജില്ലാ കളക്ടർ. കാഞ്ഞിരപ്പാറ സ്വദേശിയായ മഴവഞ്ചേരിൽ എം കെ അസീസ് ആണ് വ്യവസായം ആരംഭിക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസൻസ് എടുക്കുന്നതിനായി അപേക്ഷ നൽകിയത്.
അപേക്ഷ നൽകി 18 ദിവസം ആയിട്ടും ലൈസൻസ് ലഭിച്ചില്ല. തുടർന്ന് അക്ഷയ കേന്ദ്രവുമായി ബന്ധപ്പെട്ടപ്പോൾ ആധാർ സെർവറിന്റെ തകരാർ മൂലം ഓ ടി പി ലഭിക്കുന്നില്ല അതിനാലാണ് ലൈസൻസ് എടുക്കാൻ സാധിക്കാത്തത് എന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് അസീസ് ഐ ടി മിഷന് പരാതി നൽകുകയായിരുന്നു. നടപടിയോ മറുപടിയോ ലഭിക്കാഞ്ഞതിനെ തുടർന്ന് മുഖ്യമന്ത്രിക്കും വ്യവസായ വകുപ്പ് മന്ത്രിക്കും പരാതി നൽകി.
ഇതേത്തുടർന്ന് ഇരു കക്ഷികളുമായി അക്ഷയ ജില്ലാ പ്രോജക്ട് മാനേജർ ഹിയറിങ് നടത്തുകയും 24 മണിക്കൂറും ഓ ടി പി ലഭിക്കാതിരുന്ന സാഹചര്യം ഇല്ലാത്തതാണെന്നും അക്ഷയ കേന്ദ്രത്തിനു വീഴ്ച പറ്റിയതാണ് കണ്ടെത്തുകയായിരുന്നു. സംരംഭകയുടെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായത് ഗൗരവകരമായതിനാൽ ജില്ലാ കളക്ടർ പത്തനാട് അക്ഷയ കേന്ദ്രത്തിനു ശിക്ഷണ നടപടികളുടെ ഭാഗമായി 1000 രൂപ പിഴ ചുമത്തുകയും ചെയ്തു.
പൊതുജനങ്ങളുടെ അപേക്ഷകൾ കൃത്യമായും കാലതാമസം കൂടാതെയും ചെയ്തു നൽകേണ്ടതാണെന്നും എന്തെങ്കിലും കാരണകേശാല കാലതാമസം നേരിട്ടാൽ അത് അപേക്ഷകരെ പറഞ്ഞു മനസ്സിലാക്കേണ്ടതുമാണെന്നും അപേക്ഷകൾ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്ന കർശന താക്കീതും നൽകി.