കോട്ടയം: സലാലയില്‍ മാന്‍ഹോളില്‍ വീണ് മരിച്ച കോട്ടയം പാമ്പാടി സ്വദേശിനിയായ നേഴ്‌സിന്റെ സംസ്കാരം വ്യാഴാഴ്ച. കോട്ടയം പാമ്പാടി സ്വദേശി ലക്ഷ്മി വിജയകുമാറാണ് (34) മരിച്ചത്.
വ്യാഴാഴ്ച ഒന്നിനു പാമ്പാടി കോത്തല വട്ടുകളത്തുളള ഭർതൃഗൃഹത്തിൽ എത്തിക്കും. മസ്യൂനയില്‍ ആരോഗ്യ മന്ത്രാലയത്തില്‍ നഴ്സ് ആയിരുന്നു. പത്തുമാസം മുന്‍പാണ് ഇവിടെ ജോലിയില്‍ പ്രവേശിച്ചത്. കഴിഞ്ഞ 20ാം തിയതിയാണ് അപകടം നടക്കുന്നത്.
ജോലി കഴിഞ്ഞ് താമസസ്ഥലത്തെത്തിയ ലക്ഷ്മി മാലിന്യം കളയുന്നതിന് വേണ്ടിയാണ് പുറത്തേക്ക് പോയത്. ഈ സമയത്ത് അവിടെയുണ്ടായിരുന്ന മാന്‍ഹോളില്‍ വീഴുകയായിരുന്നു. വൃത്തിയാക്കുന്നതിനായി മാന്‍ഹോള്‍ തുറന്നു വച്ചിരിക്കുകയായിരുന്നു.
ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് വിദഗ്ദ ചികിത്സയ്ക്കായി അവിടെയുള്ള യൂണിവേഴ്‌സിറ്റി ആശുപത്രിയിലേക്കും മാറ്റിയിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഭർത്താവ്: പുതുപ്പറമ്പിൽ ദിനുരാജ്. മകൾ: നിള.