പള്ളിക്കത്തോട്ടിൽ നിയന്ത്രണം നഷ്ടമായ കാർ കുളത്തിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം.

പള്ളിക്കത്തോട്: പള്ളിക്കത്തോട്ടിൽ നിയന്ത്രണം നഷ്ടമായ കാർ കുളത്തിലേക്ക്  മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ചെങ്ങളം സ്വദേശിയായ ജെറിൻ (19) ആണ് മരിച്ചത്.

 

 നാലം​ഗ കുടുംബം സഞ്ചരിച്ച കാർ ആണ് നിയന്ത്രണം നഷ്ടമായി കുളത്തിലേക്ക് മറിഞ്ഞത്. പള്ളിക്കത്തോട് കൈയ്യൂരി ചല്ലോലി കുളത്തിലേക്ക് ആണ് കാർ മറിഞ്ഞത്. ബുധനാഴ്ച വൈകീട്ട് ഏഴരയോടെയായിരുന്നു അപകടം ഉണ്ടായത്. അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ ചേർന്നാണ് കാറിലുണ്ടായ മൂന്നു പേരെ രക്ഷപ്പെടുത്തിയത്.

 

ജെറിന്‍റെ പിതാവിനെയും മാതാവിനെയും കാർ ഡ്രൈവറെയുമാണ് നാട്ടുകാർ രക്ഷപ്പെടുത്തിയത്. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് അഗ്നിരക്ഷാ സേനയും പോലീസും സ്ഥലത്തെത്തിയാണ് കാറിനുള്ളിൽ നിന്നും ജെറിനെ പുറത്തെടുത്തത്.

 

 ജെറിന്‍റെ മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.