ഇരട്ട ചക്രവാത ചുഴിയും പടിഞ്ഞാറൻ കാറ്റും: സംസ്ഥാനത്ത് കനത്ത മഴ തുടരും, ജില്ലയിൽ മഴ ശക്തം, നാളെ ഓറഞ്ച് അലേർട്ട്.


കോട്ടയം: ഇരട്ട ചക്രവാത ചുഴിയുടെയും പടിഞ്ഞാറൻ കാറ്റിന്റെയും ഫലമായി സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ മഹാരാഷ്ട്രയ്ക്ക് മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. മറ്റൊരു ചക്രവാതചുഴി വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ സ്ഥിതിചെയ്യുന്നു.

 

 കേരളത്തിന് മുകളിൽ ശക്തമായ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഫലമായി അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത. ജൂൺ 15 മുതൽ 17 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

 ജൂൺ 15 മുതൽ 17 വരെ കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 40 - 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റു ശക്തമാകാനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജില്ലയിൽ ഇന്ന് രാവിലെ മുതൽ മഴ അതിശക്തമായി തുടരുകയാണ്.

 

കനത്ത മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് തിങ്കളാഴ്ച ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത കണക്കിലെടുത്തു ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.