സഭയുടേത് ലഹരിക്കെതിരായ പടയൊരുക്കമെന്ന് സംവിധായകൻ ബ്ലെസി.


കോട്ടയം: ലഹരി വിപത്തിനെതിരെ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ നടത്തുന്ന പടയൊരുക്കമായാണ് ഡ്രക്സിറ്റ് ഉച്ചകോടിയെ കാണുന്നതെന്ന് സംവിധായകൻ ബ്ലെസി. കോൺക്ലേവിന്റെ ആദ്യ സെഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

 ലഹരിയിൽപ്പെട്ട ഒരാൾക്ക് നല്ലൊരു പ്രഭാതത്തിലേക്ക് ഉണരാൻ കഴിയില്ല. ലഹരി ഉപയോ​ഗിച്ചാൽ ഭാവനാസമ്പന്നരാകാം എന്ന തെറ്റായ ചിന്ത പലരിലുമുണ്ട്. നമ്മുടെ ശരീരത്തെ തിരിച്ചറിയാൻ സാധിച്ചാൽ ആരും ലഹരിയിലേക്ക് തിരിയില്ല. സംവിധാനം ചെയ്ത 8 സിനിമകളുടയും ലൊക്കേഷനുകളിലും ലഹരി ഉപയോ​ഗിച്ചവർ ഉണ്ടായിരുന്നില്ല എന്നത് സാക്ഷ്യപ്പെടുത്താൻ തനിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ലഹരി വിപത്ത് നാടിന്റെ ശാപമായി മാറിയെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അധ്യക്ഷ പ്രസം​ഗത്തിൽ പറഞ്ഞു.

 

 നാടിനെ കാർന്നുതിന്നുന്ന മ​ദ്യ-മയക്കുമരുന്ന് ഭീഷണിയെ നേരിടുവാൻ മതങ്ങൾക്കും, രാഷ്ട്രീയപാർട്ടികൾക്കും, സന്നദ്ധസംഘടനകൾക്കും ഒരേപോലെ ഉത്തരവാ​​ദിത്വമുണ്ട്. ഇനി പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങൾക്ക് വേണ്ടികൂടിയാണ് ഈ പോരാട്ടം.ലഹരി ഉപയോ​ഗത്തെ ഒരു രോ​ഗമായിക്കണ്ട് ചികിത്സിക്കണം.കോവിഡിനെ തോൽപ്പിച്ചത് പോലെ ഈ വിപത്തിനെയും ചെറുത്ത് തോൽപ്പിക്കണം. സമൂഹത്തിൽ തിരുത്തിൽ ശക്തിയാകാനുള്ള ഉത്തരവാ​​​ദിത്വം ഇത്തരം ബോധവൽക്കരണപരിപാടികളിലൂടെ സഭ ഏറ്റെടുക്കുകയാണെന്ന് കാതോലിക്കാ ബാവാ പറഞ്ഞു. ലഹരി ഉപയോ​ഗത്തെ നിസാരവൽക്കരിക്കുന്ന സിനിമകൾ യുവസമൂഹത്തെ സ്വാധീനിക്കുന്നുണ്ട്.

 

ലഹരി ഉപയോ​ഗം  ഹാനികരമാണെന്ന് എഴുതികാണിക്കുന്നതിൽ അർത്ഥമില്ല. മദ്യ-മയക്കുമരുന്ന് വ്യാപനത്തെ ചെറുക്കുന്നതിൽ സർക്കാരുകൾക്കും നിർണായപങ്ക് വഹിക്കാൻ കഴിയും. സ്ക്കൂൾ പാഠ്യപദ്ധതിയിൽ ലഹരിവിരുദ്ധ ബോധവൽക്കരണം ഉൾപ്പെടുത്തിയ സംസ്ഥാന സർക്കാരിനെ അഭിനന്ദിക്കുന്നു.  എന്നാൽ അതേ സമയം മദ്യലഭ്യത സുലഭമാക്കുന്ന നയം അപലപനീയമാണ്. പെട്ടിക്കടകൾപ്പോലെ മദ്യശാലകൾ തുടങ്ങിയ ശേഷം മദ്യപിക്കരുതെന്ന് പറയുന്നതിൽ അർത്ഥമില്ല. മദ്യത്തിൽ നിന്ന് ലഭിക്കുന്ന ലാഭത്തിലാണ് സർക്കാരുകളുടെ കണ്ണ്. 1850 കോടി മാത്രമാണ് മദ്യത്തിലൂടെയുള്ള ലാഭം. ഈ പണം കൊണ്ട് നഷ്ടപ്പെട്ട ഒരു ജീവനും തിരിച്ചുപിടിക്കാൻ കഴിയില്ല. എന്നാൽ കോർപറേറ്റ് സ്ഥാപനങ്ങളുടെയടക്കം 5600 കോടിയിലധികം രൂപ കിട്ടാക്കടമായി പുറത്തുണ്ട്.  തെരഞ്ഞെടുപ്പ് ഫണ്ട് നൽകുന്നതിനാൽ ആ കോർപറേറ്റുകളുടെ നികുതി പിരിച്ചെടുക്കാൻ മടിക്കുകയാണ്. മദ്യപാനികളെ ബലഹീനതയെ ചൂഷണം ചെയ്തും പാവപ്പെട്ടവനുമേൽ അധിക നികുതി ചുമത്തിയുമുള്ള നയം മാറണം. സർക്കാരുകളുടെ പ്രവർത്തനശൈലിയിൽ മാറ്റം വരുത്തണം. കൃത്യമായി നികുതി പിരിക്കാൻ കഴിഞ്ഞാൽ മദ്യശാലകളുടെ വരുമാനം വേണ്ടെന്ന് വെക്കാൻ കഴിയുമെന്നും കാതോലിക്കാ ബാവാ കൂട്ടിച്ചേർത്തു. വിഴിഞ്ഞം പോർട്ട് മാനേജിങ് ഡയറക്ടർ ഡോ.ദിവ്യ എസ് അയ്യർ മുഖ്യസന്ദേശം നൽകി. മദ്യ മയക്കുമരുന്ന് പ്രതിസന്ധിയിൽ സമ​ഗ്ര പരിഹാരത്തിനായി ആഹ്വാനം ചെയ്തുള്ള പ്രസ്താവന ഉച്ചകോടിയിൽ മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ അവതരിപ്പിച്ചു. അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചാണ് യോ​ഗം തുടങ്ങിയത്. കുട്ടിക്കാനം മരിയൻ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. റൂബിൾ രാജ്, മദ്യ മുക്തി പ്രസ്ഥാനം നേതാവും സമൂഹ്യപ്രവർത്തകനുമായ പ്രൊഫ.സി.മാമച്ചൻ, കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ വർഗീസ് പി പുന്നൂസ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കോട്ടയം വൈദിക സെമിനാരി പ്രിൻസിപ്പൽ ഫാ. ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ മോഡറേറ്ററായി. എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോറ്റമോസ് മെത്രാപ്പോലീത്ത, ​ഗീവർ​ഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത,വൈ​ദിക ട്രസ്റ്റി ഫാ ഡോ തോമസ് വർ​ഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർ​ഗീസ് ഏബ്രഹാം എന്നിവർ പ്രസം​ഗിച്ചു.