കടുത്തുരുത്തി: കടുത്തുരുത്തിയിൽ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം. കടുത്തുരുത്തി മാന്നാർ മഞ്ചാടിയിൽ മണിയപ്പ(63 )നാണ് അപകടത്തിൽ മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെ കടുത്തുരുത്തി-വൈക്കം റോഡിൽ പാലത്തിനു സമീപമായിരുന്നു അപകടം ഉണ്ടായത്. വൈക്കം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബസ് സ്‌കൂട്ടറിൽ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ മണിയപ്പന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. അപകട സമയത്ത് ഓടിയെത്തിയ കടുത്തുരുത്തി എ എസ് ഐ ഹാരീഷ് ഇദ്ദേഹത്തെ ഓട്ടോയിൽ കയറ്റി മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. കോട്ടയം-വൈക്കം റൂട്ടിൽ സർവീസ് നടത്തുന്ന എം.എം ബസാണ് അപകടത്തിനിടയാക്കിയത്. ബസ്സിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.