ഈരാറ്റുപേട്ട: മൂന്നിലവ് ഗ്രാമപഞ്ചായത്തിലെ പ്രധാന ടൂറിസം കേന്ദ്രമായ കട്ടിക്കയം അരുവിയിലേക്ക് എത്തുന്ന നടപ്പാലത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ഷോൺ ജോർജ് നിർവ്വഹിച്ചു.
ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി പത്തുലക്ഷം രൂപ അനുവദിച്ചാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ആസ്വദിക്കാൻ പ്രദേശത്തേയ്ക്ക് എത്തിച്ചേരുന്ന വിനോദസഞ്ചാരികൾ അപകടത്തിൽപ്പെടുന്നത് നിത്യ സംഭവമായിരുന്നു. ഇതിന് പരിഹാരമായാണ് വിനോദസഞ്ചാരികൾക്ക് സുരക്ഷിതമായി വെള്ളച്ചാട്ടം കാണാൻ കഴിയുന്ന രീതിയിൽ പ്രദേശത്തേക്ക് എത്തിച്ചേരുവാൻ നടപ്പാലം നിർമ്മിച്ചിരിക്കുന്നത്.
സമാനമായ രീതിയിൽ മാർമല അരുവിയിലും ഇലവീഴാപൂഞ്ചിറയിലും ടൂറിസം വികസനത്തതിനായി കൂടുതൽ തുക അനുവദിച്ചിട്ടുണ്ടെന്നും ഷോൺ ജോർജ് പറഞ്ഞു. പൂഞ്ഞാർ ഡിവിഷനിലെ പ്രകൃതി മനോഹരമായ ടൂറിസം കേന്ദ്രങ്ങളുടെ നവീകരണത്തിനായി ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ പദ്ധതികൾ വിഭാവനം ചെയ്തിട്ടുണ്ട്.
കാർഷിക മേഖലയുടെ തകർച്ചയിൽ നട്ടംതിരിയുന്ന മലയോര കർഷകർക്ക് ടൂറിസം ആയിരിക്കും പുതിയ ജീവിതം മാർഗ്ഗം എന്നും ഇതിനായി കക്ഷി രാഷ്ട്രിയ ഭേദമന്യേ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു. മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചാർളി ഐസക് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്തംഗം ജിൻസി ഡാനിയേൽ സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു സെബാസ്റ്റ്യൻ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അജിത് ജോർജ്,കൃഷ്ണൻ ഇ.കെ. ജോളി ടോമി, മറ്റ് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, പ്രദേശവാസികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.