കോട്ടയം: ജില്ലയിൽ മഴ തുടരുന്നതിനാലും വരും ദിവസങ്ങളിൽ അതിശക്തമായ മഴ മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നതിനാലും സർക്കാർ ജീവനക്കാർ സ്റ്റേഷൻ വിട്ട് പോകരുതെന്ന് ജില്ലാ കളക്ടർ നിർദ്ദേശം നൽകി.
എ.ഡി.എം., ഡെപ്യൂട്ടി കളക്ടർമാർ, ആർ.ഡി.ഒ.മാർ, തഹസിൽദാർമാർ, റവന്യൂ ഡിവിഷൻ/കളക്ട്രേറ്റ് എന്നിവിടങ്ങളിലെ സീനിയർ സൂപ്രണ്ടുമാർ, വില്ലേജ് ഓഫീസർ തുടങ്ങി എല്ലാ റവന്യൂ ഉദ്യോഗസ്ഥരും സ്റ്റേഷൻ വിട്ട് പോകാൻ പാടില്ല.
തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ, നഗരസഭ-ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ തുടങ്ങിയവരും സ്റ്റേഷൻ വിട്ട് പോകരുതെന്നും പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.
ജില്ലയിൽ ഇന്ന് ഉച്ചക്ക് ശേഷം മഴ തെല്ലൊന്നു ശമിച്ചെങ്കിലും പൂർണ്ണമായി വിട്ടുമാറിയിട്ടില്ല. അതേസമയം വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.