അതിരമ്പുഴ: പോലീസിനും ഭർതൃവീട്ടുകാർക്കുമെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിനു പിന്നാലെ കാണാതായ പഞ്ചായത്തംഗമായ യുവതിയെയും മക്കളെയും ലോഡ്ജിൽ നിന്നു കണ്ടെത്തി.
അതിരമ്പുഴ പഞ്ചായത്ത് 20–ാം വാർഡ് അംഗം ഐസി സാജനെയും മക്കളായ അമല,അമയ എന്നിവരെയാണ് എറണാകുളത്തെ ലോഡ്ജിൽ നിന്ന് ഏറ്റുമാനൂർ പോലീസ് കണ്ടെത്തിയത്. ഐസിയുടെ ഭർത്താവ് സാജൻ രണ്ടു വർഷം മുൻപു മരിച്ചിരുന്നു.
ഇതേത്തുടർന്ന് ഭർത്താവിന്റെ ബന്ധുക്കളിൽനിന്നു സ്വത്ത് വീതം വച്ച് നൽകണമെന്നാവശ്യപ്പെട്ട് ഐസി ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ സ്വത്ത് വിഹിതമായി 60 ലക്ഷം രൂപ ഐസിക്ക് നൽകാൻ പൊലീസ് നിർദേശിച്ചു.
ആദ്യഗഡുവായി 10 ലക്ഷം രൂപ നൽകുകയും ചെയ്തു. ബാക്കിയുള്ള 50 ലക്ഷം രൂപ നൽകാൻ വൈകിയതിനു പിന്നാലെയാണ് ഐസി ഭർതൃവീട്ടുകാർക്കും പൊലീസിനുമെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്.