കുമളിയിൽ ശക്തമായ മഴയിൽ മരം കടപുഴകി ലോറിക്ക് മുകളിൽ വീണു, കോട്ടയം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം.

കുമളി: കുമളിയിൽ ശക്തമായ മഴയിൽ മരം കടപുഴകി ലോറിക്ക് മുകളിൽ വീണു കോട്ടയം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. കോട്ടയം കുറിച്ചി സ്വദേശി ചുളപ്പറമ്പിൽ ശ്രീജിത്ത് മനോജാണ് മരിച്ചത്.

 

 പാലായിൽ നിന്നും പെരിയ കുളത്തേക്ക് റബർ പാഴ്ത്തടി കയറ്റിവന്നതായിരുന്നു ലോറി. കുമളി ചെക്ക് പോസ്റ്റിൽ ലോറി കേടായതിനെ തുടർന്ന് വിവരം ബന്ധപ്പെട്ടവരെ അറിയിച്ച ശേഷം റോഡ് സൈഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഉച്ചക്ക് രണ്ട മണിയോടെ പെയ്ത അതിശക്തമായ മഴയിലും കാറ്റിലും ലോറിക്ക് സമീപമുണ്ടായിരുന്ന വലിയ മരം കടപുഴകി ലോറിക്ക് മുകളിലേക്ക് വീഴുകയായിരുന്നു.

 

 അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ ആദ്യം രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി. തുടർന്ന് അഗ്നി രക്ഷാ സേനയും സ്ഥലത്തെത്തി. ലോറി ഡ്രൈവറായ മനോജ് സഹായി റോഷൻ എന്നിവറീ ആദ്യം പുറത്തെത്തിച്ചു. ഇവർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.

 

മൂന്നു മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷമാണ് ശ്രീജിത്തിനെ പുറത്തെത്തിക്കാൻ സാധിച്ചത്. അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.