മുണ്ടക്കയം: വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകാൻ 'കരുതൽ' പദ്ധതിയുമായി പെരുവന്താനം പൊലീസ്. നിർധനരായ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ നൽകാൻ വേണ്ടി പെരുവന്താനം പൊലീസ് സ്റ്റേഷനിൽ ആരംഭിച്ച പദ്ധതിയാണ് കരുതൽ.
സബ് ഇൻസ്‌പെക്ടർ ബിജു എ ജോസഫ് ആണ് പദ്ധതിയുടെ ആശയം നൽകിയത്. സ്‌കൂൾ തുറക്കുമ്പോൾ പഠനോപകരണങ്ങൾ വാങ്ങാൻ ബുദ്ധിമുട്ടുള്ളവർക്ക് ഒരു സഹായമായാണ് പദ്ധതി ആരംഭിച്ചത്. ബുക്ക്, പേന, തുടങ്ങിയ പഠനോപകരണങ്ങൾ പോലീസ് സ്റ്റേഷന്റെ മുൻപിൽ സ്ഥാപിച്ചിരിക്കുന്ന കരുതൽ പെട്ടിയിൽ നിക്ഷേപിക്കാവുന്നതാണ്.
ഇങ്ങനെ ലഭിക്കുന്ന പഠനോപകരണങ്ങൾ സ്റ്റേഷൻ പരിധിയിലെ കുറ്റിപ്ലാങ്ങാട് ഗവ.സ്കൂൾ, സെന്റ് ലൂയിസ് സ്കൂൾ, മരുതുകൂട് കുമാരനാശാൻ സ്കൂൾ എന്നിവിടങ്ങളിലെ കുട്ടികൾക്ക് നൽകാനാണ് പദ്ധതി. അർഹരായ വിദ്യാർത്ഥികളെ അധ്യാപകർ തന്നെ കണ്ടെത്തും. ഇപ്പോൾ തന്നെ നിരവധിപ്പേർ പഠനോപകരണങ്ങൾ കരുതൽ പെട്ടിയിൽ നിക്ഷേപിച്ചതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.