കോട്ടയം: ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിലുൾപ്പടെ കനത്ത മഴ തുടരുന്നു. അതിശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നും നാളെയും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
അടുത്ത 5 ദിവസം പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തമാകാൻ സാധ്യതയുണ്ടെന്നും ഒഡിഷ തീരത്തിന് സമീപം വടക്ക് പടിഞ്ഞാറൻ-ബംഗാൾ ഉൾക്കടലിനു മുകളിലായി ശക്തി കൂടിയ ന്യുനമർദ്ദം സ്ഥിതിചെയ്യുന്നതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വടക്കു ഭാഗത്തേക്ക് നീങ്ങുന്ന ന്യുന മർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത. മെയ് 30 വരെ ഒറ്റപ്പെട്ട അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.