കോട്ടയം ജില്ലയുടെ മലയോര മേഖലകളിൽ മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്നു, രണ്ട് പഞ്ചായത്തുകളിലായി 37 പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചതായി ആരോഗ്യവകുപ്പ്.


മുണ്ടക്കയം: കോട്ടയം ജില്ലയുടെ മലയോര മേഖലകളിൽ മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്നതായി റിപ്പോർട്ടുകൾ. രണ്ട് പഞ്ചായത്തുകളിലായി 37 പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചതായി ആരോഗ്യവകുപ്പ് അധികൃതരുടെ റിപ്പോർട്ടിൽ പറയുന്നു.

 

 കഴിഞ്ഞ രണ്ട് മാസങ്ങളിലായാണ് രോഗബാധിതരുടെ എണ്ണം ആശങ്കവഹമായി ഉയർന്നത്. മുണ്ടക്കയം, കോരുത്തോട് പഞ്ചായത്തുകളിലായി 37 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. സർക്കാർ ആശുപത്രികൾക്ക് പുറമെ സ്വകാര്യ ആശുപത്രികളിലും ആയുർവേദ ആശുപത്രികളിലും ചികിത്സ തേടിയവർ വേറെയുമുണ്ട്.

 

 ഇവരുടെ കൂടെ എണ്ണമെടുക്കുമ്പോൾ രോഗബാധിതരുടെ എണ്ണം 50 കടക്കും. മുണ്ടക്കയം പഞ്ചായത്തിലെ പുഞ്ചവയൽ, പുലിക്കുന്ന് എന്നിവിടങ്ങളിലും കോരുത്തോട് പഞ്ചായത്തിലെ 504 കോളനി, മാങ്ങാപേട്ട എന്നിവിടങ്ങളിലുമാണ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗബാധിതരെ കണ്ടെത്തിയ പ്രദേശങ്ങളിലെ കിണർ വെള്ളത്തിന്റെ സാമ്പിൾ ആരോഗ്യ വകുപ്പ് പരിശോധനയ്ക്ക് അയച്ചു. പടർന്നു പിടിക്കുന്നത് ഹെപ്പറ്റയ്റ്റിസ് എ ആണെന്ന് ആരോഗ്യ വകുപ്പ് പറഞ്ഞു. രോഗലക്ഷണം ഉണ്ടായാൽ ഉടനെ തന്നെ ആശുപത്രിയിൽ ചികിത്സ തേടണമെന്നും സ്വയം ചികിത്സ പാടില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.