കറുകച്ചാലിൽ കാൽനടയാത്രികയായ യുവതി കാർ ഇടിച്ചു മരിച്ച സംഭവം കൊലപാതകമെന്നു സംശയം, പോലീസ് അന്വേഷണം ആരംഭിച്ചു.


കറുകച്ചാൽ: കറുകച്ചാലിൽ കാൽനടയാത്രികയായ യുവതി കാർ ഇടിച്ചു മരിച്ച സംഭവം കൊലപാതകമെന്നു സംശയം.

 

 ചൊവ്വാഴ്ച രാവിലെ 9 മണിയോടെയാണ് അപകടം ഉണ്ടായത്. കൂത്രപ്പള്ളി വേട്ടമലയ്ക്ക് സമീപം വലുപ്പറമ്പിൽ രാധാകൃഷ്ണൻ്റെ മകൾ നീതു ആർ നായർ(35) ആണ് മരിച്ചത്. ചങ്ങനാശ്ശേരിയിൽ വസ്ത്ര വ്യാപാര കേന്ദ്രത്തിലെ ജീവനക്കാരിയായിരുന്ന നീതു രാവിലെ വീട്ടിൽ നിന്നും ജോലിക്ക് പോകുന്നതിനായി ഇറങ്ങിയതായിരുന്നു.

 

 ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് നടന്നു പോകുന്നതിനിടെയാണ് കാർ നീതുവിനെ ഇടിച്ചിട്ടത്. അപകടശേഷം കാർ നിർത്താതെ പോകുകയായിരുന്നു. ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന നീതു ഇപ്പോൾ വെട്ടിക്കാവിന് സമീപം പൂവൻപാറപ്പടിയിൽ വാടകക്ക് താമസിക്കുകയായിരുന്നു. അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ ചേർന്ന് ഉടനെ തന്നെ കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രണ്ട് പെൺമക്കളുടെ അമ്മയാണ് നീതു. സംഭവത്തിൽ കറുകച്ചാൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആദ്യം അപകട മരണമെന്ന രീതിയിൽ നിഗമനത്തിൽ എത്തിയിരുന്നെങ്കിലും അന്വേഷണത്തിൽ കൊലപാതകമെന്നു സംശയം തോന്നുകയായിരുന്നു. കാറിന്റെ നമ്പർ കേന്ദ്രീകരിച്ചു അന്വേഷണം നടക്കുകയാണ്.