മികവിന്റെ കേന്ദ്രങ്ങളായി ജില്ലയിലെ പൊതു വിദ്യാലയങ്ങൾ; വിദ്യാകിരണം പദ്ധതിയിലൂടെ വികസന പാതയിൽ.


കോട്ടയം: പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനും പഠന ബോധനപ്രക്രിയ ശക്തിപ്പെടുത്തുന്നതിനും ജനകീയ വിദ്യാഭ്യാസ മാതൃക വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള  വിദ്യാകിരണം പദ്ധതിയിലൂടെ ജില്ലയിൽ അടിസ്ഥാന സൗകര്യമേഖലയിലുണ്ടായത് വലിയ മുന്നേറ്റം. കിഫ്ബി ഫണ്ട് വഴി ജില്ലയിലെ പാലാ എം.ജി.ജി.എച്ച്.എസ്.എസ്, കാരാപ്പുഴ ജി.എച്ച്.എസ്.എസ്, തൃക്കൊടിത്താനം ജി.എച്ച്. എസ്.എസ്, പുതുപ്പള്ളി സെന്റ് ജോർജ്ജ് ജി.വി.എച്ച്.എസ്.എസ്, പൊൻകുന്നം ഗവ. വി.എച്ച്.എസ്.എസ്, പെരുവ ഗവ.എച്ച്.എസ്.എസ്, മുരിക്കുംവയൽ ഗവ.വി.എച്ച്.എസ്.എസ്, വൈക്കം ഗവ.ബോയ്സ് എച്ച്.എസ്.എസ്. എന്നീ സ്‌കൂളുകൾക്ക് വിദ്യാ കിരണം പദ്ധതിയ്ക്കായി അഞ്ചുകോടി രൂപയാണ് സർക്കാർ 2020- 21 കാലയളവിൽ നൽകിയത്. കുമരകം ഗവൺമെന്റ് വി.എച്ച്.എസ്.എസ്, തലയോലപ്പറമ്പ് എ.ജെ.ജെ.എം.ജി.എച്ച്.എസ്.എസ്, പനമറ്റം ജി.എച്ച്.എസ്.എസ.് എന്നിവിടങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനായി 2019 മുതൽ 2023 വരെ മൂന്നുകോടി രൂപയാണ് ഓരോ സ്‌കൂളിനായി വിനിയോഗിച്ചത്. ഒരുകോടി രൂപ ചെലവിൽ 2022-25 കാലയളവിൽ ഈരാറ്റുപേട്ട ജി.എച്ച്.എസ്, നീണ്ടൂർ എസ്.കെ.വി. ജി.എച്ച്.എസ്.എസ്, നെടുങ്കുന്നം ഗവ.എച്ച്.എസ്.എസ്, കാണക്കാരി ഗവ.വി.എച്ച്.എസ്.എസ്, കുറിച്ചി ഗവ. എച്ച്.എസ്.എസ് സ്‌കൂളുകളിൽ നിർമാണം പൂർത്തീകരിച്ചു. ജില്ലയിൽ നബാർഡ് ഫണ്ട് വിനിയോഗിച്ചുകൊണ്ട് രണ്ട് കോടി രൂപയുടെ വികസനപ്രവർത്തനങ്ങളാണ് കൊമ്പുകുത്തി ജി.എച്ച്.എസ്, പനക്കച്ചിറ ജി.എച്ച്.എസ്, വടവാതൂർ ജി.എച്ച്.എസ്, വാഴൂർ ജി.എച്ച്.എസ്, കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ജി.എച്ച്.എസ്. എന്നീ സ്‌കൂളുകളിൽ നടപ്പിലാക്കിയത്. സാമൂഹിക നീതിയും അവസര തുല്യതയും അടിസ്ഥാനമാക്കി, സാങ്കേതിക വിദ്യാസാധ്യതകളെ ഫലപ്രദമായി പ്രയോജനപ്പെടുത്തി ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും ലഭ്യമാക്കുക, സമഗ്രമായ കാഴ്ചപ്പാടും നൂതനമായ പ്രവർത്തന പദ്ധതികളും നടപ്പാക്കിക്കൊണ്ട് ബഹുജന കൂട്ടായ്മയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം, സമഗ്രമായ പാഠ്യപദ്ധതി പരിഷ്‌കരണം, സ്‌കൂൾ മാസ്റ്റർപ്ലാനുകൾ തയാറാക്കൽ എന്നിവ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നു.