ഏറ്റുമാനൂർ: കോട്ടയത്ത് പിഞ്ചുകുഞ്ഞുങ്ങളുമായി യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ മകൾക്കും കുട്ടികൾക്കും നീതി കിട്ടാൻ ഏതറ്റം വരെയും പോകുമെന്ന് യുവതിയുടെ പിതാവ് തോമസ്.
മുത്തോലി മുൻ പഞ്ചായത്ത് പ്രസിഡന്റും പാലാ കോടതിയിലെ അഭിഭാഷകയും അയർക്കുന്നം സ്വദേശിനിയും ഏറ്റുമാനൂർ നീറിക്കാട് തൊണ്ണൻമാവുങ്കൽ ജിമ്മിയുടെ ഭാര്യ അഡ്വ. ജിസ്മോൾ തോമസ് (34), മക്കളായ നേഹ (5), നോറ (2) എന്നിവരാണ് ചൊവ്വാഴ്ച മീനച്ചിൽ ആറ്റിൽ ചാടി മരിച്ചത്. ഞായറാഴ്ചയാണ് മകൾ തങ്ങളെ അവസാനമായി വിളിച്ചത്. ഞായറാഴ്ച ആ വീട്ടിൽ എന്തോ വലിയ പ്രശ്നം നടന്നിട്ടുണ്ട്, അതെന്താണെന്നു പോലീസ് കണ്ടെത്തണമെന്നും പിതാവ് ആവശ്യപ്പെട്ടു. ഭർത്താവിന്റെ കുടുംബമാണ് ജിസ്‌മോളെയും മക്കളെയും മരണത്തിലേക്കു തള്ളിവിട്ടത് എന്നും ശാരീരിക-മാനസിക ഉപദ്രവങ്ങൾ ജിസ്മോൾക്കുണ്ടായിട്ടുള്ളതായും സഹോദരൻ പറഞ്ഞു. പലതവണ പ്രശ്നങ്ങൾ ഉണ്ടായപ്പോഴും രമ്യതയ്ക്കായി എത്തിയിരുന്നെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.