കോട്ടയം: കോട്ടയം അയർക്കുന്നത്ത് പിഞ്ചുകുഞ്ഞുങ്ങളുമായി യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ വീട്ടുകാർ. മുത്തോലി മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റും പാലാ കോടതിയിലെ അഭിഭാഷകയും അയർക്കുന്നം സ്വദേശിനിയും ഏറ്റുമാനൂർ നീറിക്കാട് തൊണ്ണൻമാവുങ്കൽ ജിമ്മിയുടെ ഭാര്യ അഡ്വ. ജിസ്മോൾ തോമസ് (34), മക്കളായ നേഹ (5), പൊന്നു (2) എന്നിവരാണ് ചൊവ്വാഴ്ച മീനച്ചിൽ ആറ്റിൽ ചാടി മരിച്ചത്.
മകളുടെയും കുട്ടികളുടെയും മരണത്തിൽ ദുരൂഹതയുണ്ടെന്നും മകൾ ആത്മഹത്യ ചെയ്യില്ലെന്ന് തങ്ങൾക്കുറപ്പാണെന്നും ജിസ്‌മോളുടെ പിതാവ് പറഞ്ഞു. മക്കൾക്ക് നീതി ലഭിക്കാൻ ഏതറ്റം വരെ പോകുമെന്നും ജിസ്മോളുടെ പിതാവ് തോമസ് പറഞ്ഞു. ഭർതൃവീട്ടിൽ പ്രശനങ്ങൾ ഉണ്ടായിരുന്നതായാണ് അറിവെന്നു സഹോദരൻ ജിത്തു പറഞ്ഞു. ജിസ്മോളുടെ നടുവിനു മുകളിയായി മുറിവേറ്റിട്ടുണ്ട് ഇത് സംശയാസ്പദമാണെന്നും മകൾ മാനസികമായും ശാരീരികമായും ബുദ്ധിമുട്ടു നേരിട്ടിരുന്നതായും പിതാവ് പറഞ്ഞു. എൽ എൽ എം ബിരുദധാരിയും ഹൈക്കോടതിയിലും പാലാ കോടതിയിലും പ്രാക്ടീസ് ചെയ്യുന്ന വക്കീലുമായിരുന്നു ജിസ്മോൾ.ജിസ്മോളുടെ കയ്യിലെ ഞരമ്പ് മുറിഞ്ഞ നിലയിലായിരുന്നു. ജിസ്മോളുടെ നടുവിനു മുകളിയായി മുറിവേറ്റിട്ടുണ്ട്. മക്കൾ രണ്ടു പേരുടെയും ശരീരത്തിൽ അണുനാശിനിയുടെ അംശവും കണ്ടെത്തി. ഏറ്റുമാനൂർ പേരൂർ കണ്ണമ്പുരക്കടവിലാണ് ഒഴുകിയെത്തുന്ന നിലയിൽ കുട്ടികളുടെ മൃതദേഹങ്ങൾ നാട്ടുകാർ ആദ്യം കണ്ടത്. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൂന്നു പേരെയും കണ്ടെത്തിയത്. ഉടനെ തന്നെ നാട്ടുകാർ മൂവരെയും തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സ്കൂട്ടറിൽ മക്കളുമായി എത്തിയ യുവതി മീനച്ചിലാറിന്റെ സംരക്ഷണവേലി കടന്ന് ആഴം കൂടിയ അപകടമേഖലയായ പുളിങ്കുന്ന് കടവിലേക്ക് ഇറങ്ങുകയായിരുന്നു എന്നാണു ലഭിക്കുന്ന വിവരം. മുത്തോലി പഞ്ചായത്ത് മുൻ അംഗമായിരുന്ന ജിസ്മോൾ, 2019–2020 കാലയളവിൽ പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. കൈ ഞരമ്പ് മുറിച്ചും വിഷം കഴിച്ചും വീടിനുള്ളിലെ മുറിയിലെ ഫാനിൽ തൂങ്ങി മരിക്കാനും ശ്രമിച്ചിരുന്നതായി പോലീസ് പറയുന്നു. ഈ ശ്രമങ്ങൾ പരാജയപ്പെട്ടതിനാലാകാം പിന്നാലെ ജിസ്മോൾ മക്കളെയും കൂട്ടി മീനച്ചിലാറ്റിൽ ചാടി മരിച്ചതെന്നാണ് പോലീസ് നിഗമനം. സംഭവത്തിൽ ഏറ്റുമാനൂർ പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ ഭർത്താവിൽ നിന്നും ബന്ധുക്കളിൽ നിന്നും പോലീസ് മൊഴിയെടുക്കും.