ഈരാറ്റുപേട്ട: യേശുദേവന്റെ പീഡാനുഭവ സ്മരണ പുതുക്കി അരുവിത്തുറ വല്ല്യച്ചൻ മലകയറി പതിനായിരങ്ങൾ. ദുഃഖവെള്ളി ദിവസമായ ഇന്ന് നാടിന്റെ നാനാഭാഗത്തു നിന്നും പതിനായിരങ്ങളാണ് കുരിശിന്റെ വഴി ചൊല്ലി മല കയറിയത്.
വെള്ളിയാഴ്ച പുലർച്ചെ മുതൽ തന്നെ തീർത്ഥാടകർ മല കയറാൻ എത്തിത്തുടങ്ങിയിരുന്നു. രാവിലെ 9 മണിക്ക് അരുവിത്തുറ പള്ളിയിൽ നിന്നും കരുണയുടെ ജപമാലയോടെ കുരിശിന്റെ വഴി തീർത്ഥാടന യാത്ര മലയടിവാരത്തിലേയ്ക്ക് പ്രദക്ഷിണമായി എത്തി. തുടർന്ന് മലമുകളിലേക്ക് ആഘോഷമായ കുരിശിന്റെ വഴി ഭക്തിസാന്ദ്രമായി നടന്നു. മല മുകളിൽ രാവിലെ മുതൽ തന്നെ നേർച്ച കഞ്ഞി വിതരണത്തിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു.