കോട്ടയം: മുപ്പത് വർഷത്തിലധികമായി യോഗ പരിശീലിക്കുന്ന കോട്ടയം കുടമാളൂർ സ്വദേശി രമേശ് കുമാർ പട്ടായ ബീച്ചിൽ കടൽ വെള്ളത്തിനു മീതെ വെറുതെ ഒന്ന് കിടന്നതാണ്. താൻ പോലുമറിയാതെ തായ്‌ലൻഡിൽ വൈറലായി മാറിയിരിക്കുകയാണ് കോട്ടയം സ്വദേശിയുടെ ചിത്രങ്ങൾ.
ലയൺസ് ഡിസ്ട്രിക്ട് 318 ബി പബ്ലിക് റിലേഷൻ ഓഫിസർ കോട്ടയം കുടമാളൂർ ശ്രീകോവിലിൽ എം.പി.രമേശ് കുമാറിന്റെ വിദേശത്തെ കടൽ വെള്ളത്തിനു മുകളിലെ കിടപ്പ് കൗതുകമായി. തായ്ലൻഡിൽ പട്ടായ ബീച്ചിലെ വെള്ളത്തിനു ഉപരിതലത്തിൽ രമേശ് കിടന്നതാണ് അവിടുത്തുകാർക്ക് കൗതുക കാഴ്ചയായത്. ഔദ്യോഗിക നിരീക്ഷണത്തിനായി ടൂറിസം വകുപ്പ് ഏർപ്പെടുത്തിയ ഡ്രോൺ കടലിന് മുകളിൽ വട്ടമിട്ട് പറന്നാണ് രമേശിൻ്റെ ഈ പ്രകടനം ഒപ്പിയെടുത്തത്. കുറച്ചു നേരമായി അംഗത്തെ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടാണ് നിരീക്ഷണത്തിനായി ഡ്രോൺ എത്തിയത്. എന്നാൽ വിസ്മയകരമായ കാഴ്ചയായി തോന്നിയതിനാൽ രമേശ് കുമാറിന്റെ കടലിലെ ഉറക്കം ഡ്രോൺ ഒപ്പിയെടുക്കുകയായിരുന്നു. ഈ ദൃശ്യങ്ങളും വീഡിയോകളുമാണ് ഇപ്പോൾ തായ്‌ലൻഡിൽ വൈറലായി മാറിയിരിക്കുകയാണ്. ബാങ്കോക്ക് സീനിയർ ചേംബർ യൂണിറ്റ് ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാണ് രമേഷ് കുമാർ എത്തിയത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. അരമണിക്കൂറോളം വെള്ളത്തിൻ്റെ ഉപരിതലത്തിൽ കണ്ണടച്ച് കിടന്ന രമേശ് തൻ്റെ ചിത്രങ്ങളും വീഡിയോയും വയറലാകുമെന്ന് പ്രതീക്ഷിച്ചില്ല.