കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു മൂന്നു വയസ്സുകാരി മരിച്ചു. കട്ടപ്പന സ്വദേശിനി ഏകഅപർണിക (3) ആണ് മരിച്ചത്.
കുട്ടിയുടെ മരണത്തിൽ ചികിത്സ പിഴവ് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. കഴിഞ്ഞ ആഴ്ചയാണ് വയറു വേദനയെ തുടർന്ന് ഏകഅപർണികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരുന്ന് നൽകി വിട്ടെങ്കിലും കുറവില്ലാഞ്ഞതിനാൽ സമീപത്തെ ആശുപത്രിയിലും തുടർന്ന് വീണ്ടും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടുകയായിരുന്നു. കുട്ടിയുടെ നില വഷളായതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ ഐ സി യു വിൽ പ്രവേശിപ്പിക്കുകയായിരുന്നു. കട്ടപ്പന കളിയിക്കൽ വിഷ്‌ണു-ആശാ ദമ്പതികളുടെ മകളാണ് ഏകഅപർണിക. കുട്ടിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് ബന്ധുക്കളുടെ പരാതി. മരണകാരണം ഹൃദയാഘാതമാണെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.