പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ വന്യജീവി ആക്രമണ-പ്രതിരോധ-സുരക്ഷാ സംവിധാനങ്ങൾ പൂർത്തീകരണത്തിലേക്ക്, പ്രവർത്തനങ്ങൾ എം ഇ എ സന്ദർശിച്ച് വിലയിരുത്തി.


കാഞ്ഞിരപ്പള്ളി: കോട്ടയം ജില്ലയിൽ വനാതിർത്തിയുള്ള ഏക നിയോജകമണ്ഡലമായ പൂഞ്ഞാറിൽ കോരൂത്തോട്, മുണ്ടക്കയം, എരുമേലി പഞ്ചായത്തുകളിലായി 30 കിലോമീറ്റർ വരുന്ന വനാതിർത്തി പൂർണ്ണമായും കിടങ്ങ്, ഹാങ്ങിങ് ഫെൻസിങ്, സോളാർ ഫെൻസിങ് ഇവ ഉപയോഗിച്ച് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിനുവേണ്ടി 7.34 കോടി രൂപ അനുവദിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരികയാണ് എന്ന് പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു.

 

 ഇതിന്റെ ഭാഗമായി കോരുത്തോട് പഞ്ചായത്തിലെ കൊമ്പുകുത്തി, കണ്ണാട്ട് കവല, പന്നിവെട്ടുംപാറ, മുണ്ടക്കയം,എരുമേലി പഞ്ചായത്തുകളിലായി വരുന്ന മഞ്ഞളരുവി, കുളമാക്കൽ, മമ്പാടി, പാക്കാനം തുടങ്ങി കാട്ടാന ആക്രമണം ഉൾപ്പെടെ ഏറ്റവും രൂക്ഷമായ വന്യമൃഗ ശല്യമുള്ള പ്രദേശങ്ങളിൽ കിടങ്ങ് കുഴിക്കുകയും അവശേഷിക്കുന്ന വനമേഖല പ്രദേശങ്ങളായ  കോയിക്കകാവ്, പായസപ്പടി, 504 കോളനി, കുഴിമാവ്, കാളകെട്ടി, അഴുതക്കടവ്, 116 കണ്ടംകയം, മതമ്പ, കണമല, പമ്പാവാലി, എയ്ഞ്ചൽവാലി, എലിവാലിക്കര, എരുത്വപ്പുഴ തുടങ്ങിയ പ്രദേശങ്ങളിലൊക്കെ ഹാങ്ങിഗ് ഫെൻസിങ്, സോളാർ ഫെൻസിങ് മുതലായവയും സ്ഥാപിച്ച് സമ്പൂർണ്ണ സുരക്ഷിതത്വ ക്രമീകരണങ്ങൾ ഒരുക്കുന്നതാണ് പദ്ധതി. വന്യമൃഗങ്ങൾ കാടിറങ്ങി ജനവാസ മേഖലകളിൽ പ്രവേശിക്കുന്നത് പ്രതിരോധിക്കുന്നതിന് ഏറ്റവും ഫലപ്രദമായ മാർഗമായി കണ്ടെത്തിയിട്ടുള്ളത് കിടങ്ങുകളും ഹാങ്ങിങ് ഫെൻസിങ്ങുകളുമാണ്. ഇതിനാവശ്യമായ ഏഴ് കോടിയിൽ പരം രൂപ സംസ്ഥാന വനം വകുപ്പിന്റെ പ്ലാൻ ഫണ്ട്, നബാർഡ് ധനസഹായം, കൃഷിവകുപ്പിന്റെ RKVY പദ്ധതി പ്രകാരമുള്ള ധനസഹായം  എന്നീ പ്രകാരമാണ് ലഭ്യമാക്കിയിട്ടുള്ളത്. ഇതിൽ കൃഷി സംരക്ഷണത്തിനായി കൃഷി വകുപ്പ് അനുവദിക്കുന്ന പണം  ആദ്യമായാണ് ഒരു നിയോജകമണ്ഡലത്തിൽ വന്യജീവി ആക്രമണത്തിൽ നിന്നും കൃഷി സംരക്ഷിക്കുന്നതിന് ഉപയുക്തമാക്കിയത്. അതിനുവേണ്ടി കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിന് പ്രത്യേക നിവേദനം നൽകി ഉന്നതല യോഗം വിളിപ്പിച്ച് നയപരമായ തീരുമാനം എടുപ്പിക്കുകയായിരുന്നു എന്നും എം എൽ എ പറഞ്ഞു. പദ്ധതി പൂർത്തീകരിച്ച് വന്യജീവി ആക്രമണങ്ങളിൽ നിന്നും  സമ്പൂർണ്ണ സംരക്ഷണ കവചം ഒരുക്കുന്നതോടെ  സംസ്ഥാനത്തെ ആദ്യ നിയോജകമണ്ഡലമായി പൂഞ്ഞാർ മാറുമെന്നും എം എൽ എ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു.