ഏറ്റുമാനൂർ: ഏറ്റുമാനൂരില്‍ പൊലീസുകാരൻ കൊല്ലപ്പെട്ടതു നെഞ്ചിലേറ്റ ഗുരുതര പരിക്ക് മൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയുടെ ഡ്രെവർ മാഞ്ഞൂർ സൗത്ത് നീണ്ടൂർ ചിറയിൽ വീട്ടിൽ ശ്യാം പ്രസാദ് (44) ആണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. സംഭവത്തിൽ പെരുമ്പായിക്കാട് സ്വദേശി ജിബിൻ ജോർജിനെ (27) ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലും പൊലീസ് ക്ലബിലും ക്യാംപിലും പൊതുദർശനത്തിനു വച്ച ശേഷം വൈകിട്ടോടെ വീട്ടുവളപ്പിൽ സംസ്കാര ചടങുകൾ നടന്നു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് പിടിയിലായ ജിബിൻ. കാരിത്താസ് ജംക്‌ഷനിലെ ബാർ ഹോട്ടലിനു സമീപം ആയിരുന്നു സംഭവം. ജിബിൻ തട്ട് കടയിൽ അക്രമം നടത്തുകയുമായിരുന്നു. ഇതിന്റെ വീഡിയോ ശ്യാം എടുത്തതിൽ പ്രകോപിതനായി ജിബിൻ പോലീസുകാരനെ മർദിക്കുകയായിരുന്നു. നൈറ്റ് പെട്രോളിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കുമരകം എസ്എച്ച്ഒ കെ എസ് ഷിജി ഇതുവഴി വരികയും അക്രമം കണ്ട് വണ്ടി നിർത്തുകയും ഇതുകണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ജിബിനെ പിടികൂടുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ ശ്യാമിനെ പൊലീസ് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ച 4 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. അറസ്റ്റിലായ ജിബിന്‍ ജോര്‍ജ് ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. ലഹരിക്കടത്ത്, കഞ്ചാവ് കേസുകളിൽ പ്രതിയാണ് ജിബിൻ എന്ന് പോലീസ് പറഞ്ഞു. ജിബിനെ സംഭവസ്ഥലത്തെത്തിച്ചു തെളിവെടുത്തു. നെഞ്ചിലേറ്റ ചവിട്ടിൽ വാരിയെല്ലുകൾ ഒടിഞ്ഞതായും ശ്വാസ കോശത്തിൽ ക്ഷതവും ആന്തരിക രക്തസ്രാവവും ഉണ്ടായതായും ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു. മന്ത്രി വി എൻ വാസവൻ,റോഷി അഗസ്റ്റിൻ വിവിധ മേഖലകളിൽ നിന്നുള്ളവരും സഹപ്രവർത്തകരും ആദരാഞ്ജലികളർപ്പിച്ചു.