കോട്ടയം: കഞ്ചാവ്-മയക്കുമരുന്ന് ലഹരിയുടെ മാസ്മരിക വലയത്തിൽ അകപ്പെട്ടു യുവതലമുറ ഹോമിക്കുന്നത് സ്വന്തം ജീവിതം. കോട്ടയം ജില്ലയുടെ മലയോര മേഖലകളിലുൾപ്പടെ ലഹരി മരുന്ന് മാഫിയ പിടി മുറുകുകയാണ്. ജില്ലയിൽ ഇതിനോടകം തന്നെ നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ലഹരി മരുന്നും ഗുണ്ടാ പ്രവർത്തനങ്ങളും ജനങ്ങളുടെ ജീവിതം ദുഷ്കരമാക്കിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഒരു പോലീസുകാരന്റെ ജീവനാണ് നഷ്ടമായത്. ലഹരിയുടെ ഉൾപ്പിടിയിൽ മാതാപിതാക്കളെയും സഹോദരങ്ങളെയും വരെ ഉപദ്രവിക്കുന്ന നിരവധി സംഭവങ്ങൾ പലയിടത്തും നമ്മൾ കേട്ടുകഴിഞ്ഞു. നിരവധി കഞ്ചാവ്-രാസലഹരി കേസുകളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തുകൊണ്ടിരിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികളായി കേരളത്തിലെത്തുന്നവരിൽ പലരും മയക്കുമരുന്നുകൾ കേരളത്തിലേക്ക് കടത്തുന്നുണ്ട്. ജില്ലയിൽ എക്‌സൈസും പൊലീസും വനംവകുപ്പും പരിശോധന ശക്തമാക്കുമ്പോഴും ലഹരി മരുന്നുകളുടെ ഒഴുക്ക് പൂർണ്ണമായും തടയാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ മൂന്നു മാസത്തിനിടെ കോട്ടയം ജില്ലയിൽ നടത്തിയ പരിശോധനയിൽ 23.69 കിലോ കഞ്ചാവ് ആണ് പിടിച്ചെടുത്തത്. എക്‌സൈസും പൊലീസും വനംവകുപ്പും ചേർന്ന് 103 പരിശോധനകളും എക്‌സൈസ് വകുപ്പ് 3426 പരിശോധനകളും നടത്തി. ഒരു കഞ്ചാവ് ചെടി, 52 ഗ്രാം ഹെറോയിൻ, 200 ഗ്രാം ബ്രൗൺ ഷുഗർ, 15 ഗ്രാം ഹാഷിഷ് ഓയിൽ, 517 മില്ലീഗ്രാം എം.ഡി.എം.എ., 5.71 ഗ്രാം മെത്താംഫിറ്റമിൻ, 26.85 ഗ്രാം നൈട്രോസെപാം, 40 മില്ലീലിറ്റർ മെഫെന്റർമിൻ സൾഫേറ്റ് എന്നിവ പിടിച്ചെടുത്തു. 949.72 ലിറ്റർ വിദേശമദ്യം, 15.10 ലിറ്റർ ചാരായം, 1125 ലിറ്റർ വാഷ്, 18.85 ലിറ്റർ അനധികൃതമദ്യം, 81.05 ലിറ്റർ ബിയർ, 88 ലിറ്റർ കള്ള്, 108.12 കിലോ പുകയില ഉൽപ്പന്നങ്ങൾ, 12 വാഹനങ്ങൾ എന്നിവയും പിടിച്ചെടുത്തു. 519 അബ്കാരി കേസും 301 എൻ.ഡി.പി.എസ് കേസും 2056 കോട്പ കേസുകളും രജിസ്റ്റർ ചെയ്തു. 825 പേർക്കെതിരേ നിയമനടപടി സ്വീകരിച്ചു. 807 പേരെ അറസ്റ്റ് ചെയ്തു. കോട്പ പിഴയിനത്തിൽ 4.11 ലക്ഷം രൂപ ഈടാക്കി. ഇക്കാലയളവിൽ 11,662 വാഹനങ്ങൾ പരിശോധിക്കുകയും ചെയ്തു. പരിശോധനകൾ ശക്തമായി നടക്കുമ്പോഴും കഞ്ചാവ്-മയക്കുമരുന്ന്-രാസലഹരിയുടെ കടത്തും വിതരണവും ജില്ലയിൽ നടക്കുന്നുണ്ട്. കൂടുതലും യുവ തലമുറയാണ് ഈ ലഹരിക്ക് അടിമപ്പെടുന്നത്. സ്‌കൂൾ വിദ്യാർത്ഥികളെ വലയിലാക്കാൻ കുട്ടികളെ കേന്ദ്രീകരിച്ചതും സംഘം പ്രവർത്തിക്കുന്നുണ്ട്. ഇതിനുദാഹരണമാണ് പാലായിലെയും എരുമേലിയിലെയും സ്‌കൂൾ പരിസരത്തു നിന്നും കഞ്ചാവ് വില്പനയ്‌ക്കെത്തിച്ചയാളെ പോലീസ് പിടികൂടിയത്. കോട്ടയം ജില്ലക്കാരായ നിരവധിപ്പേരാണ് കഞ്ചാവും ലഹരി മരുന്നും കടത്തിയതിന് ജില്ലയ്ക്കകത്തും പുറത്തും പിടിയിലായിട്ടുള്ളത്. ലഹരി ഉപഭോഗം കൂടി വരികയാണ്. ഒപ്പം വാഹകരുടെ എണ്ണവും.