പത്തനംതിട്ട: പത്തനംതിട്ടയിൽ വിവാഹ സൽക്കാര ചടങ്ങ് കഴിഞ്ഞു മടങ്ങുന്നതിനിടെ വഴിയരികിൽ വിശ്രമിക്കുകയായിരുന്ന മുണ്ടക്കയം സ്വദേശികളായ ദമ്പതികളുൾപ്പടെയുള്ള സംഘത്തിനു നേരെ പത്തനംതിട്ട പോലീസിന്റെ ക്രൂര മർദ്ദനം.
ഇന്നലെ രാത്രി പതിനൊന്നരയോടെ പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്താണ് സംഭവം. കൊല്ലത്ത് വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് മുണ്ടക്കയത്തേക്കു മടങ്ങിയ സംഘത്തിന് നേരെയായിരുന്നു പോലീസിന്റെ ക്രൂരമായ അതിക്രമം നടന്നത്. സംഭവത്തിൽ യുവാക്കൾക്കും യുവതികൾക്കും പരിക്കേറ്റു. ഇവർ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ബാറിനു സമീപം സംഘർഷമുണ്ടായെന്ന വിവരമറിഞ്ഞെത്തിയ പൊലീസ് ആളുമാറി ഇവരെ മർദിച്ചതായാണ് വിവരം. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ നൽകിയിട്ടുണ്ട്. എസ്ഐ ജിനുവിനും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനുമാണ് സസ്പെൻഷൻ. സംഭവത്തിൽ 2 കേസുകൾ പൊലീസ് റജിസ്റ്റർ ചെയ്തു. മർദനമേറ്റ സിതാരയുടെ പരാതിയിൽ പൊലീസിനെതിരെയും ബാർ ജീവനക്കാരുടെ പരാതിയിൽ ബാറിൽ പ്രശ്നമുണ്ടാക്കിയ 10 പേർക്കെതിരെയുമാണ് കേസ്. കോൺഗ്രസും യൂത്ത് കോൺഗ്രസും പത്തനംതിട്ട പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ബാറിനു സമീപം സംഘർഷമുണ്ടായത് അറിഞ്ഞെത്തിയ പത്തനംതിട്ട സ്റ്റേഷനിലെ എസ്ഐ എസ്.ജിനുവും സംഘവുമാണു വിവാഹസംഘത്തെ ആക്രമിച്ചത്. രാത്രി പത്തേമുക്കാലോടെ സ്റ്റാൻഡിനു സമീപത്തെ ബാറിന്റെ ചില്ലുവാതിലിൽ തട്ടി മദ്യം ആവശ്യപ്പെട്ട് എട്ടംഗസംഘം പ്രശ്നമുണ്ടാക്കിയിരുന്നു. ശല്യം രൂക്ഷമായതോടെ ബാർ ജീവനക്കാർ പൊലീസിനെ അറിയിച്ചു. ഇവരെ തിരഞ്ഞാണു പൊലീസ് സ്ഥലത്തെത്തിയത്.