കോട്ടയം: അധ്യയന വർഷം അവസാനിക്കും മുമ്പ് അടുത്ത അധ്യയന വർഷത്തെ പാഠപുസ്തകങ്ങൾ വിതരണത്തിന് തയ്യാറാക്കി വീണ്ടും ചരിത്രം സൃഷ്ടിച്ചു വിദ്യാഭ്യാസ വകുപ്പും സംസ്ഥാന സർക്കാരും. അടുത്ത അധ്യയന വർഷത്തെക്കുള്ള ആദ്യഘട്ട വിതരണത്തിനുള്ള പുസ്തകങ്ങൾ പുതുപ്പള്ളി സെന്റ് ജോർജ് സ്‌കൂളിലെ ജില്ലാ ബുക്ക് ഹബ്ബിൽ എത്തിത്തുടങ്ങി. ഇതോടെ ഈ വർഷവും സ്‌കൂൾ തുറക്കും മുൻപ് തന്നെ പുസ്തകങ്ങൾ വിദ്യാർത്ഥികളുടെ കൈകളിലെത്തും. ആദ്യഘട്ടം എന്ന നിലയിൽ 76493 പുസ്തകങ്ങളാണ് ഹബ്ബിൽ എത്തിയിരിക്കുന്നത്. ഹബ്ബിൽ എത്തിക്കുന്ന പുസ്തകങ്ങൾ സോഫ്റ്റ് വെയർ സംവിധാനത്തിലൂടെ തരംതിരിച്ചായിരിക്കും വിതരണം. കുടുംബശ്രീ മുഖേനയാണ് സ്‌കൂൾ സൊസൈറ്റികൾക്ക് പുസ്തകങ്ങൾ കൈമാറുക. ഒന്നുമുതൽ പത്താം ക്ലാസ് വരെ 24 ലക്ഷത്തോളം പുസ്തകങ്ങളാണ് 13 ഉപജില്ലകളുടെ കീഴിലുള്ള 250 സ്കൂൾ സൊസൈറ്റികൾ മുഖേന നൽകേണ്ടത്. ജില്ലയിലെ ഓരോ സ്‌കൂളുകളിലേക്കും ആവശ്യമായ പുസ്തകങ്ങളുടെ എണ്ണം കുടുംബശ്രീ പ്രവർത്തകർ നേരത്തെ തന്നെ ശേഖരിച്ചിരുന്നു. കേരള ബുക്‌സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിൽ (കെബിപിഎസ്) നിന്നാണ് പുതുപ്പള്ളി സെന്റ് ജോർജ് സ്‌കൂളിലെ ജില്ലാ ബുക്ക് ഹബ്ബിൽ എത്തിക്കുന്നത്.