കോട്ടയം: വരും ദിവസങ്ങളിൽ മുൻ വർഷങ്ങളേക്കാൾ ചൂട് കൂടുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസങ്ങളിലായി ചൂട് കൂടുതലായി അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. ഇന്നലെ രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ രണ്ടാം സ്ഥലമായി മാറിയിരിക്കുകയാണ് കോട്ടയം. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക അറിയിപ്പ് പ്രകാരം ഇന്നലെ രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് കണ്ണൂർ വിമാനത്താവളത്തിൽ ( 37.2°c) രേഖപ്പെടുത്തി. രണ്ടാം സ്ഥാനം കോട്ടയം ( 37.0°c) ജില്ലയ്ക്കാണ്. കോട്ടയത്ത് സാധാരണയിലും 3.6°c കൂടുതൽ ചൂട് അനുഭപ്പെട്ടു. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. കടുത്ത ചൂടിനെ പ്രതിരോധിക്കാൻ ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 2024 ലാണ് സംസ്ഥാനത്ത് ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയത്. 4 വർഷങ്ങൾ മുൻപ് വരെ മാർച്ച് മാസം മുതലായിരുന്നു ചൂട് കൂടിയിരുന്നത്. എന്നാൽ 2023 മുതൽ സ്ഥിഗതികൾ മാറി മറിഞ്ഞു. ജനുവരി മാസം മുതൽ തന്നെ ചൂട് കൂടാൻ തുടങ്ങിയിരുന്നു. ഇത്തവണയും ജനുവരി ആദ്യം മുതൽ തന്നെ താപനിലയിൽ മാറ്റം വന്നു തുടങ്ങിയിരുന്നു. കഴിഞ്ഞ വർഷങ്ങളിലായി പലപ്പോഴും ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് കോട്ടയത്താണ്. താപനില ഉയരുന്നത് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര-സംസ്ഥാന കാലാവസ്ഥാ വകുപ്പുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.