കോട്ടയം മെഡിക്കൽ കോളജിലെ ആദ്യ സൂപ്രണ്ടും പ്രമുഖ പാൻക്രിയാറ്റിക് സർജനുമായ ഡോ.മാത്യു വർഗീസ് കുരുടാമണ്ണിൽ അന്തരിച്ചു.


കോട്ടയം: കോട്ടയം മെഡിക്കൽ കോളജിലെ ആദ്യ സൂപ്രണ്ടും പ്രമുഖ പാൻക്രിയാറ്റിക് സർജനുമായ ഡോ. മാത്യു വർഗീസ് കുരുടാമണ്ണിൽ(94) അന്തരിച്ചു. 1947-ൽ ഗുണ്ടൂർ മെഡിക്കൽ കോളേജിൽ എംബിബിഎസിന് ചേർന്നെങ്കിലും രണ്ടാം വർഷം മുതൽ ചെന്നൈയിൽ സ്റ്റാൻലി മെഡിക്കൽ കോളേജിലേക്ക് മാറി. ഇവിടെ നിന്നുമുള്ള പഠനത്തിന് ശേഷം കൊളംബോയിൽ തുടർ പഠനം നടത്തി. പിന്നീട് ഇംഗ്ലണ്ടിൽ നിന്നാണ് 1968 ൽ എഫ് ആർ സി എസ് ബിരുദം നേടിയത്. ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിൽ സേവനമനുഷ്ഠിച്ച ശേഷം നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചേർന്നു കൊണ്ടാണ് സർക്കാർ സർവീസിൽ സേവനം ആരംഭിച്ചത്. പിന്നീട് ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് പോയി. വീണ്ടും തിരിച്ചെത്തിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ സേവനം ആരംഭിച്ചു. ഇവിടെ നിന്നുമാണ് കോട്ടയം മെഡിക്കൽ കോളേജിന്റെ ആദ്യ സൂപ്രണ്ടായി എത്തുന്നത്. കോട്ടയം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം മേധാവിയും പ്രൊഫസറുമായിരുന്ന ഡോക്ടർ മാത്യു വർഗീസ് മികച്ച പാൻക്രിയാസ് രോഗ വിദഗ്ധനും സർജനുമായിരുന്നു. കോട്ടയം ജില്ല ജനറൽ ആശുപത്രിയായി പ്രവർത്തിച്ചിരുന്ന ആർപ്പൂക്കരയിലെ ആശുപത്രിയെ ഇന്നത്തെ ഗാന്ധിനഗറിലെ കെട്ടിടത്തിലേക്ക് മാറ്റി മെഡിക്കൽ കോളേജായി പ്രവർത്തനം ആരംഭിച്ചതും ഡോ. മാത്യു വർഗീസ് കുരുടാമണ്ണിൻ്റെ നേതൃത്വത്തിലായിരുന്നു. ലോകത്തിലെ തന്നെ മികച്ച പാൻക്രിയാറ്റിക് സർജൻ്റെ വേർപാട് കേരളത്തിന്റെ ആരോഗ്യരംഗത്തിന് നികത്താനാകാത്ത നഷ്ടമാണ്. തിങ്കൾ വൈകിട്ട് 3 മുതൽ ചൊവ്വ രാവിലെ 10 വരെ ഗാന്ധിനഗർ‌ ചെമ്മനംപടിയിലെ വസതിയിൽ പൊതുദർശനമുണ്ടാകും. സംസ്കാരം വൈകിട്ട് മൂന്നിന് പത്തനംതിട്ട അയിരൂരിലെ ശാലോം മാർത്തോമ പള്ളിയിൽ നടക്കും.