എരുമേലി: മണ്ഡല-മകരവിളക്ക് സീസണിൽ മോട്ടോർ വാഹന വകുപ്പ് ഉഷാറായതോടെ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എരുമേലിയിലെ വാഹനാപകടനിരക്ക് പകുതിയായി കുറഞ്ഞു. മോട്ടോർ വാഹനവകുപ്പിന്‍റെ സേഫ് സോൺ സംഘം ആണ് ശബരിമല തീർത്ഥാടകർക്ക് സുരക്ഷിത യാത്ര ഒരുക്കിയത്. അപകട മേഖലകളിൽ കൃത്യമായ മുന്നറിയിപ്പുകളും തീർത്ഥാടകർക്ക് മോട്ടോർ വാഹന വകുപ്പ് നൽകിയിരുന്നു. കഴിഞ്ഞ തവണ 68 അപകടങ്ങൾ സംഭവിച്ചപ്പോൾ ഇത്തവണ 33 അപകടങ്ങൾ മാത്രമാണ് സംഭവിച്ചത്. എരുമേലിയിൽ നിന്നും പമ്പയിലേക്കും പൊൻകുന്നം,മുണ്ടക്കയം തുടങ്ങിയ മേഖലകളിലും മോട്ടോർ വാഹന വകുപ്പിന്റെ സേഫ് സോൺ സംഘം പെട്രോളിംഗ് നടത്തിയിരുന്നു. എരുമേലി സേഫ് സോൺ ചീഫ് കൺട്രോളിങ്ങ് ഓഫീസർ ഷാനവാസ് കരീമിന്‍റെ നേതൃത്വത്തിലായിരുന്നു തീർത്ഥാടകർക്ക് സുരക്ഷിത യാത്ര ഒരുക്കിയത്. 24 മണിക്കൂറും പ്രവർത്തിച്ച മോട്ടോർ വാഹന വകുപ്പ് വഴിയിൽ തകരാറിലായ തീർത്ഥാടകരുടെ വാഹനങ്ങൾക്ക് മെക്കാനിക്കുകളുടെ സേവനം ലഭ്യമാക്കിയിരുന്നു. ഇലവുങ്കൽ, കുട്ടിക്കാനം, എരുമേലി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന മൂന്ന് കേന്ദ്രങ്ങളിലായാണ് സോഫ് സോൺ പ്രവർത്തനം.