കോട്ടയം: ഗുരുതരമായി സ്ട്രോക്ക് ബാധിച്ച രണ്ട് പേർക്ക് വിദഗ്ധ ചികിത്സ നൽകി ജീവിതത്തിലേക്ക് മടക്കിക്കൊണ്ട് വന്ന് പത്തനംതിട്ട ജനറൽ ആശുപത്രി. ശബരിമല തീർത്ഥാടകയായ എറണാകുളം കുമ്പളങ്ങി സ്വദേശിനിയ്ക്കും (68), ശബരിമലയിൽ കോൺട്രാക്ട് വർക്കറായ എരുമേലി സ്വദേശിയ്ക്കുമാണ് (58) സ്ട്രോക്ക് ബാധിച്ചത്. ഒരു വശം തളർന്ന് സംസാര ശേഷി ഭാഗീകമായി നഷ്ടപ്പെട്ടാണ് ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചത്. പരിശോധനയിൽ സ്ട്രോക്ക് ആണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് ഉടനടി ത്രോമ്പോലൈസിസ് ചികിത്സ നൽകി. കുമ്പളങ്ങി സ്വദേശിനിയെ നവംബർ മാസത്തിലാണ് ചികിത്സ നൽകി ഭേദമാക്കിയത്. മകരവിളക്കിനോടനുബദ്ധിച്ച് ജനുവരി 14ന് ആശുപത്രിയിലെത്തിച്ച എരുമേലി സ്വദേശി ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു. ചികിത്സയ്ക്ക് നേതൃത്വം നൽകിയ മുഴുവൻ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. സമയബന്ധിതമായി ഫലപ്രദമായ ചികിത്സ നൽകാനായത് കൊണ്ടാണ് ശരീരം തളർന്ന് പോകാതെ ഇവരെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനായത്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പക്ഷാഘാത നിയന്ത്രണ പദ്ധതിയായ ശിരസ് വഴി സൗജന്യ ചികിത്സയാണ് ഇവർക്ക് നൽകിയത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 152 പേർക്കാണ് ഇതുവരെ സ്ട്രോക്കിനുള്ള ത്രോമ്പോലൈസിസ് ചികിത്സ നൽകിയിട്ടുള്ളത്. സ്ട്രോക്ക് ബാധിച്ചാൽ ആദ്യത്തെ മണിക്കൂറുകൾ വളരെ നിർണായകമാണ്. വായ് കോട്ടം, കൈയ്ക്കോ കാലിനോ തളർച്ച, സംസാരത്തിന് കുഴച്ചിൽ എന്നീ ലക്ഷണങ്ങൾ ഒരാളിൽ കണ്ടാൽ സ്ട്രോക്ക് ആണെന്ന് സ്ഥിരീകരിക്കാം. സ്ട്രോക്കിന്റെ ലക്ഷണങ്ങളാരംഭിച്ച് കഴിഞ്ഞാൽ നാലര മണിക്കൂറിനുള്ളിൽ ചികിത്സ നൽകിയെങ്കിൽ മാത്രമേ അതിന്റെ പ്രയോജനം ലഭിക്കുകയുള്ളൂ. അല്ലെങ്കിൽ ശരീരം തളരുകയോ മരണംവരെ സംഭവിക്കുകയോ ചെയ്യാം. ഇതിന്റെ പ്രാധാന്യം ഉൾക്കൊണ്ടാണ് സംസ്ഥാന സർക്കാർ ശിരസ് പദ്ധതി ആരംഭിച്ചതും മെഡിക്കൽ കോളേജുകൾക്ക് പുറമേ എല്ലാ ജില്ലകളിലേയും ഒരു പ്രധാന ആശുപത്രിയിൽ സ്ട്രോക്ക് യൂണിറ്റ് സ്ഥാപിച്ചു വരുന്നതും. ഇനി രണ്ട് ജില്ലകളിൽ മാത്രമാണ് സ്ട്രോക്ക് യൂണിറ്റ് പൂർത്തായാകാനുള്ളത്.