ദേവസ്വം ബോർഡിന്റെയും സംസ്ഥാന സർക്കാരിന്റെയും മുന്നൊരുക്കങ്ങൾ ഫലം കണ്ടു, കേരളം ഇത്തവണ സാക്ഷ്യം വഹിച്ചത് പരാതിരഹിത തീർത്ഥാടന കാലത്തിന്.


ശബരിമല: ദേവസ്വം ബോർഡിന്റെയും സംസ്ഥാന സർക്കാരിന്റെയും മുന്നൊരുക്കങ്ങൾ ഫലം കണ്ടു, കേരളം ഇത്തവണ സാക്ഷ്യം വഹിച്ചത് പരാതിരഹിത തീർത്ഥാടന കാലത്തിന്. ദർശനത്തിനെത്തിയ എലാ തീർത്ഥാടകർക്കും സുഗമമായി ദർശനം നടത്താൻ സാധിച്ചു. കഴിഞ്ഞ വർഷത്തെ മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലം ഏറെ പരാതികൾക്കും പ്രതിസന്ധികൾക്കും ഇടനൽകിയിരുന്നു. ഇത് മുൻനിർത്തി വിവിധ കോണുകളിൽ നിന്നും ആശങ്കകൾ ഉയർന്നിരുന്നു. എന്നാൽ ഈ ആശങ്കകളെയെല്ലാം മാറ്റി വളരെ സുഗമമായി ദർശനം സാധ്യമാക്കിയ തീർത്ഥാടന കാലമായിരുന്നു ഇത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് തീർഥാടകരുടെ എണ്ണം ഏറെ വർധിച്ചിട്ടും തീർഥാടന കാലം പരാതി രഹിതമാക്കുവാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിന്‌ സാധിച്ചു. എല്ലാവിധ മുന്നൊരുക്കങ്ങൾക്കും വിവിധ വകുപ്പുകളുടെ ഏകോപനങ്ങൾക്കും മുന്നിൽ നിന്ന് പ്രവർത്തിച്ചു ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ. ശബരിമലയിൽ എത്തിയ പ്രതിപക്ഷ നേതാവ് അടക്കമുള്ള രാഷ്ട്രീയ കക്ഷി നേതാക്കൾ ഇത്തവണത്തെ ഒരുക്കങ്ങളിൽ പ്രശംസ അറിയിച്ചിരുന്നു. ഇതോടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് പി.എസ് പ്രശാന്തിന് സാധ്യതയേറുന്നുണ്ട്. ഭക്തർക്ക് ഒരു ബുദ്ധിമുട്ടും ഇല്ലാതെ തീർഥാടനം സാധ്യമാക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് സർക്കാരും ദേവസ്വം ബോർഡും ഒരുക്കിയത്. തീർഥാടന ക്രമീകരണങ്ങളിൽ അനുഭവസമ്പന്നരെ ഉൾപ്പെടുത്തി വരുത്തിയ മാറ്റവും, വെർച്വൽ ക്യൂവും ഒപ്പം തത്സമയ ബുക്കിങ്‌ ഏർപ്പെടുത്തിയതും മണിക്കൂറുകൾ നീളാതെ ദർശന സൗകര്യം ലഭ്യമാക്കിയതുമൊക്കെ സുഖദർശനത്തിന് ഇടയാക്കി. ഇത്തവണത്തെ ശബരിമല തീർഥാടനം ഭംഗിയായാണ് സമാപിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ സീസണിൽ അരക്കോടിയോളം പേരാണ് ശബരിമല സന്ദർശിച്ചത്. പ്രതിദിനം 90000ന് മുകളിൽ തീർത്ഥാടകർ എത്തിയിട്ടുണ്ട്. അതിൽ പല ദിവസങ്ങളിലെയും കണക്ക് ഒരു ലക്ഷത്തിന് മുകളിലാണ്.