കോട്ടയം: ശനിയാഴ്ച രാവിലെ കോട്ടയം റെയിൽവേ സ്റ്റേഷനിൽ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ ദൈനംദിന പരിശോധനയ്ക്കിടെയാണ് സ്റ്റേഷനിൽ നിന്ന ബംഗാൾ സ്വദേശിയുടെ മേൽ കോട്ടയം റെയിൽവേ പോലീസ് സംഘത്തിന്റെ കണ്ണുടക്കിയത്. ആദ്യം അസ്വാഭാവികത ഒന്നും തോന്നിയില്ലെങ്കിലും ചെറിയൊരു സംശയം ഉള്ളിൽ തോന്നിയതിന്റെ പേരിലാണ് പോലീസ് സംഘം ബംഗാൾ മുർഷിതാബാദ് ഭരത്പുർ സ്വദേശി എസ്.കെ.മഹർഅലി (34) യോട് കൂടുതൽ കാര്യങ്ങൾ അന്വേഷിച്ചത്. ചോദ്യങ്ങൾ ചോദിക്കുന്നതിനിടെയാണ് കയ്യിലിരിക്കുന്ന വിലകൂടിയ ഫോൺ ശ്രദ്ധയിൽപ്പെട്ടത്. ഫോൺ ആരുടെതെന്ന് ചോദ്യത്തിന് സ്വന്തമാണെന്നായിരുന്നു ആദ്യം ഇയാൾ മറുപടി പറഞ്ഞത്. എന്നാൽ ഫോണിന്റെ ലോക്ക് തുറക്കാൻ പോലീസ് സംഘം ആവശ്യപ്പെട്ടതോടെ ശെരിക്കും കുടുങ്ങി. അവസാനം സമ്മതിച്ചു ട്രെയിൻ യാത്രയ്ക്കിടെ ഒരു യാത്രക്കാരന്റെ പക്കൽ നിന്നും മോഷ്ടിച്ചതാണ് ഈ ഫോണെന്ന്. ഇതോടെ ഫോണിന്റെ യഥാർത്ഥ ഉടമയെ കണ്ടെത്താൻ എസ്.ഐ. റെജി പി.ജോസഫും സംഘവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒന്നേകാൽ ലക്ഷം രൂപയുടെ ആപ്പിൾ ഐ ഫോൺ ആണ് കോട്ടയം ഞാലിയാകുഴിയിൽ റബ്ബർ കമ്പനിയിൽ ജോലി ചെയ്യുന്ന മഹർഅലി മോഷ്ടിച്ചത്. പെരുമ്പാവൂരുള്ള സുഹൃത്തുക്കളെ സന്ദർശിച്ച് മടങ്ങുന്നതിനിടെ തിരുവനന്തപുരത്തേക്കുപോയയ നിസാമുദീൻ എക്സ്പ്രസിൽ സ്ലീപ്പർ കോച്ചിൽ ഉറങ്ങിക്കിടന്ന യാത്രികന്റെ ഐഫോണാണ് മോഷ്ടിച്ചത് എന്ന് പോലീസിൽ കുറ്റസമ്മതം നടത്തി. കോട്ടയം റെയിൽവേ പോലീസ് ഗ്രേഡ് എസ്.ഐ. സന്തോഷ്, എസ്.സി.പി.ഒ. മുജീബ്, സി.പി.ഒ.മാരായ രാഹുൽ, ശരത്ത് എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ റിമാൻഡ് ചെയ്തു.