കോട്ടയം നഗരസഭയില്‍ പെന്‍ഷന്‍ തുകയില്‍ നിന്ന് മൂന്നുകോടി തട്ടിയ കേസില്‍ അന്വേഷണം വിജിലന്‍സിന്, പ്രതി ഒളിവിൽ തന്നെ.


കോട്ടയം: കോട്ടയം നഗരസഭയില്‍ പെന്‍ഷന്‍ തുകയില്‍ നിന്ന് മൂന്നുകോടി തട്ടിയ കേസില്‍ അന്വേഷണം വിജിലന്‍സിന് കൈമാറി. ന​ഗ​ര​സ​ഭ​യി​ലെ ക്ല​ർ​ക്കാ​യി​രു​ന്ന കൊ​ല്ലം മ​ങ്ങാ​ട്​ ആ​ൻ​സി ഭ​വ​നി​ൽ അ​ഖി​ൽ സി ​വ​ർ​ഗീ​സ് ആണ് പെൻഷൻ തുകയിൽ തട്ടിപ്പ് നടത്തിയത്. നഗരസഭ നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ മൂന്ന് ജീവനക്കാരെ സസ്പെൻ്റ് ചെയ്തിരുന്നു. ജീ​വ​ന​ക്കാ​ര​ൻ മൂ​ന്നു​കോ​ടി​യി​ല​ധി​കം രൂപ ത​ട്ടി​യെ​ടു​ത്ത​താ​യി കണ്ടെത്തിയതിനെ തുടർന്ന് നഗരസഭാ സെക്രട്ടറി ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയതോടെ അഖിൽ ഒളിവിൽ പോകുകയായിരുന്നു. പെൻഷൻ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന അഖിൽ പ്രതിമാസം 4 ലക്ഷം രൂപ വരെ തിരിമറി നടത്തിയത്. 2020 മുതൽ കോട്ടയം നഗരസഭയിൽ അഖിൽ ജോലി ചെയ്തിരുന്ന സമയത്തത്തെ തിരിമറിയാണ് കണ്ടെത്തിയത്. റിട്ട.ജീവനക്കാരിയല്ലാത്ത അമ്മയുടെ അക്കൗണ്ടിലേക്ക് ആണ് പെൻഷൻതുക അയച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈരാറ്റുപേട്ട നഗരസഭയിൽ നിന്നു സ്ഥലം മാറി 2020 മാർച്ച് 12 നാണ് അഖിൽ കോട്ടയത്ത് എത്തിയത്. 2023 നവംബറിൽ വൈക്കത്തേക്കു മാറ്റം ലഭിച്ചു. ഈ കാലയളവിലാണ് തിരിമറി നടന്നത്. വാർഷിക സാമ്പത്തിക കണക്കെടുപ്പിലാണ് വിവരം പുറത്തായത്. യഥാർഥ പെൻഷൻകാരി മരിച്ചപ്പോൾ വിവരം രജിസ്റ്ററിൽ ചേർക്കാതെ അവരുടെ പണം അമ്മ പി ശ്യാമളയുടെ പേരിലുള്ള അക്കൗണ്ടിലേക്ക് അയക്കുകയായിരുന്നു. സംഭവത്തിൽ കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. സാജു വർഗീസിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. തുടർന്ന് ഇപ്പോൾ കേസില്‍ അന്വേഷണം വിജിലന്‍സിന് കൈമാറി. ഒളിവില്‍ പോകുന്നതിന് തലേദിവസം ഏഴുലക്ഷത്തിലേറെ രൂപ അഖിൽ ബാങ്കില്‍നിന്ന് പിന്‍വലിച്ചിരുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. സംസ്ഥാനത്തിന് പുറത്തു തമിഴ്‌നാട്,കർണാടക എന്നീ സംസ്ഥാനങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും അഖിലിനെ കണ്ടെത്താനായില്ല.